സന്നിധാനം: ശബരിമലയിൽ നടവരവ് 222 കോടി പിന്നിട്ടു. 222,98,70,250 രൂപയാണ് ഇതുവരെ നട വരവായി ലഭിച്ചത്.
കാണിക്ക ഇനത്തിൽ മാത്രം 70.10 കോടി രൂപയാണ് ലഭിച്ചതെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ അനന്തഗോപൻ അറിയിച്ചു. ഈ മണ്ഡലകാലത്ത് ഇതുവരെ 30 ലക്ഷത്തോളം തീർഥാടകരാണ് ശബരിമലയിൽ എത്തിയത്. ഇതിൽ 20 ശതമാനത്തോളം കുട്ടികളാണ്. മണ്ഡലകാലം തുടങ്ങി 39 ദിവസം വരെയുള്ള കണക്കാണിത്.
രണ്ടുവർഷത്തോളം നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതാണ് കുട്ടികളുടെ എണ്ണം ഇക്കുറി വർധിക്കാൻ കാരണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
കുട്ടികൾക്കും അംഗപരിമിതർക്കും പ്രായമായർക്കും വേണ്ടി ഇക്കുറി ഏർപ്പെടുത്തിയ പ്രത്യേക ക്യൂ ഫലപ്രദമാണ്. പരമാവധി പരാതികുറച്ച് തീർഥാടനം ഇക്കുറി പൂർത്തിയാക്കാനായി. ഒരു ദിവസം മാത്രമാണ് ദർശനത്തിന് ആളുകൾക്ക് കൂടുതൽ നേരം നിൽക്കേണ്ടി വന്നതായി ആക്ഷേപമുയർന്നത്.
ശബരിമലയിൽ തിരക്ക് സ്വഭാവികമാണ്. എന്നാൽ സാധാരണയിൽ കൂടുതൽ നേരം ഭക്തർക്ക് അയ്യപ്പദർശനത്തിന് കാത്തുനിൽക്കേണ്ട അവസ്ഥയുണ്ടായാൽ അതു പരിശോധിക്കുന്നതാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ പറഞ്ഞു.
















