കൊച്ചി : സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനെത്തിയ പത്തുവയസുകാരി മരിച്ച സംഭവത്തില്‍ കേരള അസോസിയേഷന്‍ ഹൈക്കോടതിയിലേക്ക്. കോടതി ഉത്തരവുമായി എത്തിയിട്ടും താമസവും ഭക്ഷണവുമടക്കം സൗകര്യങ്ങള്‍ സംഘാടകര്‍ നല്‍കിയിരുന്നില്ലെന്ന് കോടതിയെ അറിയിക്കും. താമസ ഭക്ഷണ സൗകര്യങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് താത്കാലിക കേന്ദ്രത്തിലായിരുന്നു കുട്ടികള്‍ കഴിഞ്ഞിരുന്നത്.
നിദ ഫാത്തിമയടക്കം കേരള സൈക്കില്‍ പോളോ അസോസിയേഷന്റെ 24 താരങ്ങളാണ് നാഗ്പൂരിലെത്തിയത്. എന്നാല്‍ ദേശീയ ഫെഡറേഷന്റെ അനുമതിയുണ്ടായിരുന്ന സൈക്കിള്‍ പോളോ അസോസിയേഷന്‍ ഓഫ് കേരളയും നാഗ്പൂരില്‍ എത്തിയിരുന്നു. ഇങ്ങനെ കേരളത്തില്‍ നിന്ന് രണ്ടു ടീമുകളാണ് ചാമ്പ്യന്‍ഷിപ്പിനെത്തിയത്.
അതേസമയം, നിദാ ഫാത്തിമയുടെ അച്ഛന്‍ ഷിഹാബ് രാത്രിയോടെ നാഗ്പൂരിലെത്തി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് തന്നെ മൃതദേഹം നാട്ടിലെത്തിക്കാനാണ് ശ്രമം.
നിദ ഫാത്തിമയുടെ വിയോഗ വാര്‍ത്ത ദുഃഖകരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പോയ കുട്ടികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതില്‍ ദേശീയ കായിക ഫെഡറേഷനും സംസ്ഥാന കായിക വകുപ്പും പരാജയപ്പെട്ടെന്നത് യാഥാര്‍ഥ്യമാണ്. നിദ ഫാത്തിമയെ മരണത്തിലേക്ക് തള്ളി വിടാനുള്ള സാഹചര്യമൊരുക്കിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഇവര്‍ക്ക് ഒഴിഞ്ഞു മാറാനാകില്ലെന്നും സതീശന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
















