ന്യൂ ഡല്‍ഹി: അരുണാചല്‍പ്രദേശിലെ തവാംഗ് അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്ത് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍, സംയുക്ത സൈനിക മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ, കര,നാവിക, വ്യോമസേനാ മേധാവിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഈ യോഗത്തിന് ശേഷം പ്രതിരോധ മന്ത്രി പാര്‍ലമെന്റില്‍ എത്തി പ്രസ്താവന നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, സംഘര്‍ഷത്തില്‍ വിശദമായ ചര്‍ച്ച ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. കോണ്‍ഗ്രസ് എംപി മനീഷ് തിവാരിയാണ് ലോക്സഭയില്‍ നോട്ടീസ് നല്‍കിയത്.