നിർഭയത്വമാണ് മല്ലിക സാരാഭായിയുടെ മുഖമുദ്ര. സ്ത്രീശാക്തീകരണത്തിലും സാമൂഹ്യചുറ്റുപാടിലുമെല്ലാം സ്വന്തം നിലപാടുകള്‍ ധൈര്യപൂര്‍വ്വം ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള വ്യക്തിയാണ് കേരള കലാമണ്ഡലം കല്പിത സര്‍വകലാശാലയുടെ ചാന്‍സലറായി നിയമിതയായ മല്ലിക സാരാഭായി.വിസി നിയമനങ്ങളിൽ സർക്കാർ–ഗവർണർ പോര് തുടരുന്നതിനിടയിലാണ് കലാമണ്ഡലം വിസിയായി മല്ലിക സാരാഭായിയെ സർക്കാർ നിയമിക്കുന്നത്.വെറുമൊരു രാഷ്ട്രീയ തർക്കത്തിന്റെ മാത്രമല്ല ഈ നിയമനം.ഈ പദവിയിൽ മല്ലിക യോഗ്യയാണ്. കാരണം മല്ലികയുടെ കാഴ്ചപ്പാടുകൾ എന്നും വ്യത്യസ്തവും വിശാലവുമാണ് .
കലാകേരളത്തിന് ഗുണകരമാകുമെന്ന ഉറപ്പിലാണ് സർക്കാർ മല്ലികയെ കലാമണ്ഡലത്തിലെത്തിക്കുന്നത്. ലോകം മുഴുവൻ സഞ്ചരിക്കുന്ന അനീതിക്കും അക്രമങ്ങൾക്കുമെതിരെ ശബ്ദമുയർത്തുന്ന ശക്തയായ ഒരു വനിതാ കലാകാരി കൂടിയായ മല്ലികയിൽ പ്രതീക്ഷയർപ്പിക്കുന്നുണ്ട്.
മൃണാളിനിയും മല്ലികയും
കേരളത്തിന്റെ ഒരു കൊച്ചുഗ്രാമത്തിൽ നിന്നും നൃത്തകലയിൽ രാജ്യത്തിൻറെ മുഖമായി മാറിയ അമ്മയും മകളും.അതാണ് മൃണാളിനിയും മകൾ മല്ലികയുംനർത്തകി, അഭിനേത്രി, അവതാരക, സാമൂഹിക പ്രവർത്തക, എഴുത്തുകാരി. രാഷ്ട്രീയപ്രവർത്തക തുടങ്ങി നിരവധി മേഖലകളിലാണ് മല്ലിക തനറെതായ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്നത്.
അമ്മ നർത്തകിയായ മൃണാളിനി സാരഭായി, അച്ഛൻ രാജ്യമറിയുന്ന ബഹിരാകാശ ശാസ്ത്രജ്ഞൻ വിക്രം സാരാഭായി. അച്ഛന്റെയും അമ്മയുടെയും സ്വീകാര്യതക്ക് അപ്പുറം സ്വന്തം തെരെഞ്ഞെടുപ്പുകളിലൂടെ പ്രശസ്തയാണ് അവർ.അഹമ്മദാബാദ് ഐഐഎമ്മിൽ നിന്ന് എംബിഎയും, ഗുജറാത്ത് സർവ്വകലാശാലയിൽനിന്ന് പിഎച്ച്ഡിയും നേടി.
രാജ്യത്തിന്റെ കലാപാരമ്പര്യത്തിന് മൃണാളിനിയും മല്ലികയും നൽകിയ സംഭാവന വളരെ വലുതായിരുന്നു. അഹമ്മദാബാദിൽ ഇരുവരും ചേർന്ന് “ദർപ്പണ അക്കാഡമി ഓഫ് പെർഫോർമിങ് ആർട്ട്സ്” എന്ന കലാകേന്ദ്രവും തുടങ്ങി.മല്ലികയുടെ എല്ലാ നിലപാടുകൾക്കുമൊപ്പം അമ്മയും കൂട്ടുനിന്നു. മൃണാളിനിയുടെ ചേതനയറ്റ ശരീരത്തിന് മുന്നിൽ മല്ലിക നൽകിയ നൃത്താഞ്ജലി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായി.
നൃത്തവും അഭിനയവും കൊണ്ട് രാജ്യത്തിന് അഭിമാനമാകുന്ന ഒരു കലാകാരി എന്ന നിലയിലായിരുന്നില്ല മല്ലിക സാരാഭായിയും, മൃണാളിനിയും ബിജെപിക്കെതിരെ സ്വീകരിച്ച രാഷ്ട്രീയനിലപാടുകളും ഏറെ വിവാദമുണ്ടാക്കി. 2009 പൊതുതെരഞ്ഞെടുപ്പിൽ ഗാന്ധിനഗറിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരുന്ന എൽകെ അദ്വാനിക്കെതിരെ മത്സരിച്ചു തോറ്റെങ്കിലും നിലപാടുകളിൽ വ്യതിചലിക്കാൻ മല്ലിക തയ്യാറായിരുന്നില്ല. ഗുജറാത്ത് കലാപത്തിൽ മോദിക്കെതിരെ ശക്തമായ എതിർപ്പുകളും മല്ലിക ഉയർത്തി. സംഘപരിവാർ ആക്രമണവും ഭീഷണിയും നിരന്തരം നേരിട്ടെങ്കിലും പുരസ്കാരങ്ങൾക്കും, പ്രശസ്തിക്കും, പണത്തിനും വേണ്ടി സ്വന്തം രാഷ്ട്രീയം അടിയറ വെക്കുന്നവർക്കിടയിൽ ഇരുവരും വേറിട്ടു നിന്നു.
ഇന്ത്യൻ നാട്യകലകളെ കുറിച്ചുള്ള മല്ലിക സാരാഭായിയുടെ രചനകൾ ലോക പ്രസിദ്ധമാണ്. ഫ്രാൻസിലെ ഡി ചാമ്ബസ് എൽഐസിയുടെ പുരസ്കാരം, ഷെവലിയാർ ഡി പാംസ് പുരസ്കാരം, പദ്മഭൂഷൺ. പെർഫോമിംഗ് ആർട്സിലെ ആജീവനാന്ത നേട്ടത്തിനുള്ള ശ്യാം മുൻഷി പുരസ്കാരം അങ്ങനെ നിരവധി പുരസ്കാരങ്ങളും അവരുടെ പേരിൽ ഉണ്ട്. 2005-ൽ നൊബേൽ സമ്മാനത്തിനുള്ള പട്ടികയിലും മല്ലിക ഉൾപ്പെട്ടു.
മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ 1979-ല്‍ ചൈനയുമായുള്ള ബന്ധം പുനരാരംഭിക്കാനുള്ള സാംസ്കാരിക നയതന്ത്രത്തിന്റെ ഭാഗമായി ചൈനയിലേക്ക് പോയ സംഘത്തെ നയിച്ചത് മൃണാളിനിയായിരുന്നു. അക്കൂട്ടത്തില്‍ കലാമണ്ഡലംകാരുമുണ്ടായിരുന്നു. അന്നു തുടങ്ങിയ അടുപ്പമാണ് ചെറുതുരുത്തി കലാമണ്ഡലവുമായുള്ള മല്ലികയുടെയും ബന്ധം. ‘ചാൻസലർ പദവിയിലേക്കുള്ള മല്ലികാ സാരാഭായിയുടെ നിയമനം കലാകേരളത്തിന് ഗുണകരമായി മാറും.’ എന്നാണ് മല്ലികാ സാരാഭായിയെ കലാമണ്ഡലം കൽപ്പിത സർവകലാശാലാ ചാൻസലറായി നിയമിച്ച് കൊണ്ട് കേരള സർക്കാർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്. മല്ലികയുടെ ഇതുവരെയുള്ള ജീവിതത്തിന്റെ അടിസ്ഥാനത്തിൽ ഈ അഭിപ്രായം പ്രവർത്തികമാകും .