ന്യൂഡല്‍ഹി : നിര്‍ബന്ധിത മതപരിവര്‍ത്തനം ഭരണഘടനയ്ക്ക് എതിരെന്ന് സുപ്രീംകോടതി. ഇത് ഗൗരവമേറിയ വിഷയമാണെന്നും ഇന്ത്യയില്‍ താമസിക്കുന്നവര്‍ ഇന്ത്യന്‍ സംസ്കാരം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചുമുള്ള മതപരിവര്‍ത്തനം തടയാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം.
അതേസമയം, മതപരിവര്‍ത്തനത്തെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തികൊണ്ടിരിക്കുകയാണെന്നും വിശദമായ സത്യവാങ്മൂലം നല്‍കുന്നതിന് കൂടുതല്‍ സമയം വേണമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. എന്നാല്‍ ഇത്തരമൊരു ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് അഭിഭാഷകന് ചൂണ്ടിക്കാട്ടിയപ്പോള്‍ അത്തരം സാങ്കേതികതയിലേക്ക് പോകേണ്ടതില്ലെന്ന് കോടതി പറഞ്ഞു.