ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് പിന്നാലെ സഹോദരിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധിയും രാജ്യത്തുടനീളം പ്രചാരണ യാത്ര നടത്തുന്നു. പ്രിയങ്ക ഗാന്ധി നയിക്കുന്ന മഹിള മാർച്ച് സംഘടിപ്പിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.
രണ്ടു മാസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടിയാണ് സംഘടിപ്പിക്കുക. ഭാരത് ജോഡോ യാത്ര സമാപിക്കുന്ന 2023 ജനുവരി 26 മുതല്‍ ‘ഹാത് സേ ഹാത് ജോഡോ അഭിയാന്’ എന്ന പേരില്‍ പ്രചാരണ പരിപാടി ആരംഭിക്കുമെന്ന് കെ.സി വേണുഗോപാല്‍ അറിയിച്ചു.
ഗ്രാമ, ബ്ലോക്ക് തലങ്ങളില്‍ പദയാത്രകള്‍, ജില്ലാ തലങ്ങളില്‍ കണ്വെന്ഷന്, സംസ്ഥാന തലത്തില്‍ റാലി എന്നിവയെല്ലാം യാത്രയുടെ ഭാഗമായി നടക്കും. ഇതിനുപുറമേ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ സ്ത്രീകളെ സംഘടിപ്പിച്ച് എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും മഹിളാ മാര്‍ച്ച് നടക്കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. 2023 മാര്‍ച്ച് 26-ന് പ്രചാരണ പരിപാടി സമാപിക്കും.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഭാരത് ജോഡോ യാത്രയിലൂടെ ഉണ്ടായ ആവേശം നിലനിര്‍ത്താനും അത് പാര്‍ട്ടിയുടെ താഴേതട്ടിലേക്ക് പകര്‍ന്നുകൊടുക്കാനുമാണ് പുതിയ പ്രചാരണം ആവിഷ്കരിച്ചത്. യാത്രയുടെ സന്ദേശം സംബന്ധിച്ച രാഹുലിന്റെ കത്ത് പ്രചാരണ വേളയില്‍ ജനങ്ങളിലേക്ക് എത്തിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.