ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ രൂപ നാളെ എത്തും. സാധാരണയായി നാം ഉപയോഗിക്കുന്ന രൂപയുടെ അതേ മൂല്യം തന്നെയായിരിക്കും ഡിജിറ്റൽ രൂപയ്ക്കും. അച്ചടിച്ച നോട്ടുകള്‍ക്ക് പകരമുള്ള ഡിജിറ്റല്‍ രൂപമാണ് ഡിജിറ്റല്‍ കറന്‍സി.പണത്തിന്റെ ഇലക്ട്രോണിക് രൂപമെന്നു പറയാം. ഡിജിറ്റൽ രൂപ നാം സാധാരണ പണം ഉപയോഗിക്കുന്നത് പോലെ നിക്ഷേപം നടത്താനും മറ്റും ഉപയോഗിക്കാൻ സാധിക്കും.നോട്ടുകള്‍ അച്ചടിക്കാതെ പുറത്തിറക്കുന്ന ഇത്തരം കറന്‍സികള്‍ക്ക് രൂപയുടേതിന് സമാനമായ നിയമസാധുതയുണ്ടാകും. .
എങ്ങനെ ഉപയോഗിക്കാം ?
ഡിജിറ്റൽ രൂപയെന്നാൽ കറൻസിയുടെ ഇലക്ട്രോണിക് പതിപ്പാണ്. ബാങ്ക് നൽകുന്ന ഡിജിറ്റൽ വോളറ്റ് വഴിയാണ് ഡിജിറ്റൽ രൂപ ഉപയോഗിച്ചുള്ള പണമിടപാട് നടത്തേണ്ടത്. വ്യക്തികൾ തമ്മിലോ, വ്യക്തിയും കടയുടമയും തമ്മിലും മറ്റും പണമിടപാട് നടത്താൻ ഡിജിറ്റൽ രൂപ ഉപയോഗിക്കാം. മൊത്ത ഇടപാടിനും ചില്ലറ ഇടപാടിനും രണ്ട് തരത്തിലുള്ള ഡിജിറ്റൽ കറൻസിയാണ് ഉണ്ടാകുക. ധനകാര്യ സ്ഥാപനങ്ങള്‍ തമ്മിലുള്ള ഇടപാടുകള്‍ക്കായിരിക്കും മൊത്തവ്യാപാര കറന്‍സി. കടകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യു.ആർ കോഡ് സ്‌കാൻ ചെയ്ത് ഡിജിറ്റൽ രൂപ വഴി പണമിടപാട് നടത്താം.റീട്ടെയില്‍ ഡിജിറ്റല്‍ കറന്‍സി എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയും. നെറ്റ്ബാങ്കിങ്, യുപിഐ എന്നിങ്ങനെ നിലവിലുള്ളതുപോലെ ഇടപാട് നടത്താന്‍ ആര്‍ക്കും കഴിയും.
ആദ്യഘട്ട അനുമതി
നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിരിക്കുന്ന ഡിജിറ്റൽ രൂപ നാല് ബാങ്കുകൾക്കാണ് ആദ്യ ഘട്ടത്തിൽ പുറത്തിറക്കാനുള്ള അനുമതി. എസ്ബിഐ, ഐസിഐസിഐ, യെസ് ബാങ്ക്, ഐഡിഎഫ്‌സി. പിന്നീട് അടുത്ത ഘട്ടത്തിലേക്ക് എത്തുമ്പോൾ ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, കോടാക് മഹീന്ദ്ര ബാങ്ക് എന്നിവയും പട്ടികയിൽ കാണും.
ആദ്യ ഘട്ടത്തിൽ മുംബൈ, ഡൽഹി, ബംഗളൂരു, ഭുവനേശ്വർ എന്നീ നഗരങ്ങളിൽ മാത്രമേ ഡിജിറ്റൽ രൂപ ലഭ്യമാവുകയുള്ളു. കേരളം രണ്ടാം ഘട്ടത്തിലെ പദ്ധതിയിൽ ആണ് ഉൾപ്പെടുക. രണ്ടാം ഘട്ടത്തിൽ അഹമ്മദാബാദ്, ഗാംഗ്‌ടോക്, ഗുവാഹത്തി, ഹൈദരാബാദ്, കൊച്ചി, ഇൻഡോർ, ലഖ്‌നൗ, പാട്‌ന, ശിംല എന്നിവിടങ്ങളിലും ലഭ്യമാകും.
മൊത്ത ഇടപാടിനുള്ള കറന്‍സിയാണ് ആര്‍ബിഐ നവംബറില്‍ പുറത്തിറക്കിയത്. കടപ്പത്രങ്ങളുടെയും ഓഹരികളുടെയും ഇടപാട് നടക്കുന്ന ദ്വിതീയ വിപണിയിലായിരുന്നു ഇടപാട്. രാജ്യാന്തര തലത്തിലും ഘട്ടംഘട്ടമായി ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ സാധ്യമാക്കുകയാണ് ലക്ഷ്യം.
ഡിജിറ്റല്‍ രൂപയുടെ നേട്ടം
അച്ചടിക്കാനും സൂക്ഷിക്കാനുമുള്ള ചെലവ് ഇല്ല. അതുകൊണ്ടുതന്നെ ഇടപാടിനുള്ള ചെലവ് കാര്യമായി കുറയും. കേടുപാടുകള്‍ സംഭവിക്കില്ലെന്നതാണ് മറ്റൊരു നേട്ടം.
സര്‍ക്കാരിന്റെ പൂര്‍ണനിയന്ത്രണത്തില്‍ നിയമപരിരക്ഷയോടെയാകും എല്ലാ ഇടപാടുകളും നടക്കുക. ആഭ്യന്തര ഇടപാടുകള്‍, രാജ്യത്തിന് പുറത്തേയ്ക്കുള്ള കൈമാറ്റം എന്നിവയിലെല്ലാം സര്‍ക്കാരിന് നിയന്ത്രണം ലഭിക്കും. കള്ളപ്പണമിടപാടുകള്‍ ഇല്ലാതാകും. ഇന്ത്യയ്ക്ക് പുറമെ, ബഹാമസ്, ജമൈക്ക, നൈജീരിയ, റഷ്യ, സ്വീഡൻ, ചൈന, അമേരിക്ക എന്നിവിടങ്ങളിലും ഇത്തരത്തിൽ ഡിജിറ്റൽ കറൻസി ഉപയോഗത്തിലുണ്ട്.