തിരുവനന്തപുരം ഊരൂട്ടമ്പലത്ത് നിന്ന് 11 വര്ഷം മുൻപ് കാണാതായ അമ്മയും കുഞ്ഞും കൊല്ലപ്പെട്ടതാണെന്നു കണ്ടെത്തി. ഊരൂട്ടമ്പലം സ്വദേശി വിദ്യയും മകൾ ഗൗരിയുമാണ് കൊല്ലപ്പെട്ടത്. വിദ്യയുടെ കാമുകന്‍ മാഹിന്‍ കണ്ണ് ആണ് ഇരുവരെയും കൊലപ്പെടുത്തിയത്. കടലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന് ഇയാൾ തന്നെ മൊഴി നൽകി.
2011 ആഗസ്ത് 18 നാണ് വിദ്യയെയും കുഞ്ഞിനെയും കാണാതായത്. 2011 ആഗസ്ത് 18 നാണ് വിദ്യയെയും കുഞ്ഞിനെയും പ്രതി കൊന്നത്. മാഹിന്‍കണ്ണിന്‍റെ ഭാര്യ റുഖിയക്കും കൊലപാതകത്തെക്കുറിച്ച് അറിയാമെന്നും പൊലീസ് കണ്ടെത്തി. വിദ്യയെയും കുഞ്ഞിനെയും പിറകില്‍ നിന്ന് തള്ളി കടലിലേക്കിട്ടു എന്നാണ് മാഹിൻകണ്ണ് പൊലീസിന് നല്‍കിയ മൊഴി. കേസില്‍ തുടക്കത്തിൽ ഗുരുതര വീഴ്ചയാണ് പൊലീസിന് ഉണ്ടായത്.
കൂലിപ്പണിക്കാരനായിരുന്ന ജയചന്ദ്രൻ്റെയും രാധയുടെയും മൂത്ത മകളായിരുന്നു വിദ്യ. പൂവാര്‍ സ്വദേശി മാഹിൻ കണ്ണുമായുള്ള പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. വിദ്യ അപ്പോഴേക്കും മാഹിൻകണ്ണിനൊപ്പം മലയിൻകീഴിനടുത്ത് വാടകവീട്ടിൽ താമസം തുടങ്ങി. വിവാഹം രജിസ്റ്റർ ചെയ്യാൻ പല തവണ ആവശ്യപ്പെട്ടിട്ടും മാഹിൻകണ്ണ് ഒഴിഞ്ഞുമാറി. വിദ്യ ഗർഭിണിയായതോടെ മാഹിൻകണ്ണ് വിദേശത്തേക്ക് കടന്നു. 2009 മാര്‍ച്ച് 14 ന് വിദ്യ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു.ഒന്നര വര്‍ഷത്തിന് ശേഷം വിദേശത്ത് നിന്നും മാഹിൻകണ്ണ് തിരിച്ചെത്തി. അതിനിടെയാണ് ഇയാൾക്ക് വേറെ ഭാര്യയും കുട്ടികളുമുണ്ടെന്ന് വിദ്യ അറിയുന്നത്. ഇതേ ചൊല്ലി ഇരുവരും തർക്കമായി. 2011 ആഗസ്ത് 18 ന് വൈകീട്ട് വിദ്യയെയും രണ്ടര വയസ്സുകാരിയായ ഗൗരിയെയും കൊണ്ട് മാഹിൻകണ്ണ് ബൈക്കോടിച്ചു പോയി. അതിന് ശേഷം വിദ്യയെയും കുഞ്ഞിനെയും ആരും ഇതുവരെ കണ്ടില്ല.
വിദ്യയുടെ അമ്മയും അച്ഛനും കാണാതായി നാലാം ദിവസം മാറനെല്ലൂര്‍ പൊലീസിലും പൂവാർ സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. പൂവാറില്‍ തന്നെയുണ്ടായിരുന്ന മാഹിൻ കണ്ണിനെ പൊലീസ് വിളിച്ചുവരുത്തി. വിദ്യയെയും മകളെയും വേളാങ്കണ്ണിയിലെ സുഹൃത്തിന്‍റെ വീട്ടിലാക്കിയെന്നായിരുന്നു മാഹിന്‍ കണ്ണ് പറഞ്ഞത്. മൂന്നാം ദിവസം കൂട്ടിക്കൊണ്ടുവരാമെന്ന് പറഞ്ഞതോടെ മാഹിന്‍ കണ്ണിനെ പൊലീസ് വിട്ടയച്ചു. വീണ്ടും വിദേശത്തേക്ക് പോയി തിരിച്ചെത്തിയ മാഹിൻ കണ്ണ് വർഷങ്ങക്കിപ്പുറവും പൂവാറിൽ ഭാര്യക്കും കുടുംബത്തിനുമൊപ്പം കഴിയുകയായിരുന്നു.
















