ഒരു പൊലീസ് സ്റ്റേഷന്‍ തന്നെ ആക്രമിക്കപ്പെടുകയും 36 പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം സമീപകാലത്തൊന്നും കേരളത്തിലുണ്ടായിട്ടില്ല.വിഴിഞ്ഞം ഇപ്പോള്‍ ശാന്തമാണ്.എന്നാൽ ഏതുനിമിഷവും വിഴിഞ്ഞത്തെ സ്ഥിതി ഗുരുതരമായേക്കാം. വരും ദിവസങ്ങളില്‍ ചിലപ്പോൾ കാര്യങ്ങൾ ഇതിലും സംഘർഷമായേക്കാം.കരുതികൂട്ടിയോ അല്ലാതയോ വിഴിഞ്ഞത്തെ സമരായുധമാക്കുന്ന ചില രാഷ്ട്രീയ മുതലെടുപ്പുകളും വിഴിഞ്ഞത്ത് ഇപ്പോൾ നടക്കുന്നു എന്ന് പറയേണ്ടിവരും.
കരയിലും കടലിലും സമരം നടത്തി നൂറാം ദിനത്തിൽ കൂടുതലും വിഴിഞ്ഞം പ്രതിഷേധം പിന്നിടുമ്പോൾ കാര്യങ്ങൾ കൂടുതൽ സംഘർഷാവസ്ഥയിലേക്ക് മാറിയ കാഴ്ചയാണ് നിലവിൽ. ജൂലൈ 20ന് സെക്രട്ടറിയേറ്റിൽ തുടങ്ങിയ സമരം പിന്നീട് തീരദേശത്തിന്‍റെ ഇരമ്പുന്ന പ്രതിഷേധമായിരുന്നു.നേതൃത്വം നൽകുന്നത് തിരുവനന്തപുരത്തെ ലത്തീൻ അതിരൂപതയും.പലതവണ ചർച്ചകൾ പരാജയപ്പെട്ടതോടെ കോടതി വിധിയും തുറമുഖത്തിനു അനുകൂലമായിരുന്നു. സമരക്കാരെ ഭയന്ന് സംരക്ഷണം ആവശ്യപെട്ട് അദാനി ഗ്രൂപ്പും കോടതിയിലെത്തി.എല്ലാവിധിയും വിഴിഞ്ഞം തുറമുഖം എന്ന സ്വപ്ന പദ്ധതിക്ക് അനുകൂലമായിട്ടായിരുന്നു. എന്നാൽ തങ്ങളുടെ ആവശ്യങ്ങൾക്ക് വാക്കാൽ ഉള്ള അംഗീകരം നടക്കില്ല എന്നാണ് സമരസമിതിയുടെയും നിലപാട്.ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് മതപുരോഹിതന്മാരുടെ നേതൃത്വത്തില്‍ മത്സ്യതൊഴിലാളികളുടെ പേരില്‍ വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം ശക്തിപ്പെടുത്തിയത്.
വിഴിഞ്ഞം നാൾവഴി
1991 ലെ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാറാണ് വിഴിഞ്ഞം തുറമുഖ പദ്ധതിക്കു തുടക്കമിട്ടത്. അന്ന് തുറമുഖ മന്ത്രിയുമായിരുന്ന എം.വി. രാഘവനാണ് നേതൃത്വം പിടിച്ചത്. 1995 ൽ എ.കെ. ആന്റണി സർക്കാർ കുമാർ എനർജി കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പിട്ടു. പക്ഷേ തുടർന്ന് വന്ന 1996 ലെ ഇ.കെ. നായനാർ സർക്കാറിന്റെ കാലത്ത് പദ്ധതി മുന്നോട്ടുപോയില്ല. പിന്നീട് 2004 ൽ ഉമ്മൻചാണ്ടി സർക്കാർ സ്വകാര്യ പങ്കാളിത്തതോടെ പദ്ധതി തയ്യാറാക്കാൻ രൂപരേഖ തയാറാക്കി. 2005 ൽ പൊതു-സ്വകാര്യ പങ്കാളിത്തം മാതൃകയിൽ ടെണ്ടർ വിളിച്ചു. ടെണ്ടറിൽ പങ്കെടുത്ത ചൈനീസ് പങ്കാളിത്തമുള്ള കൺസോർഷ്യത്തിനു സുരക്ഷാ കാരണത്താൽ കേന്ദ്രം അനുമതി നിഷേധിച്ചു.2008 ൽ വി.എസ്. അച്യുതാനന്ദൻ സർക്കാറിന്റെ കാലത്ത് ലാൻകോ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് ലെറ്റർ ഓഫ് ഇൻറ്റന്റ് നൽകി. പക്ഷേ നിയമക്കരുക്ക് കാരണം അന്തിമ കരാറിലേക്ക് എത്തിയില്ല. എൽ ഡി എഫ് സർക്കാർ ഇൻർനാഷണൽ ഫിനാൻസ് കോർപ്പറേഷന്റെ സഹായത്തോടെ പദ്ധതിയെ ലാൻഡ് ലോർഡ് മോഡലിലേക്ക് മാറ്റി.
2011 ൽ അധികാരത്തിൽ വന്ന ഉമ്മൻചാണ്ടി നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാറിന്റെ കാലത്താണ് അദാനി ഇതിലേക്ക് വരുന്നത്. എന്നാൽ 2013 ൽ സർക്കാർ പദ്ധതിയെ പി പി പി മോഡലിലേക്ക് മാറ്റി. അന്ന് കേന്ദ്ര മന്ത്രിയായിരുന്ന കെ.വി. തോമസിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കൂട്ടരും അദാനി ഗ്രൂപ്പ് മേധാവികളുമായി നടത്തിയ ചർച്ചയും വിവാദമായിരുന്നു. ചർച്ചയുടെ മിനിട്സ് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ ആവശ്യപെട്ടുവെങ്കിലും അത് ലഭിച്ചില്ല. മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദാനി വി.എസ്. അച്യുതാനന്ദനെ കണ്ടിരുന്നുവെന്ന വാദം മാത്രമാണ് യു.ഡി.എഫ് മറുപടിയായി പറഞ്ഞത്. ഉമ്മൻചാണ്ടി നേതൃത്വം നൽകുന്ന യു ഡി എഫ് സർക്കാർ ഭരണത്തിൽ ആയിരുന്ന 2015 ഓഗസ്റ്റ് 17 നാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിർമാണ നടത്തിപ്പ് കരാറിൽ അദാനി ഗ്രൂപ്പും സംസ്ഥാന സർക്കാറും ഒപ്പുവച്ചത്.
വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണത്തിന്റെയും നടത്തിപ്പിന്റെയും ചുമതല ലഭിച്ചത് അദാനി കമ്പനിക്കാണ്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിനു ശേഷം 40 വര്‍ഷക്കാലം ഈ വന്‍കിട തുറമുഖത്തിന്റെ നടത്തിപ്പിന്റെ ചുമതലയും ഈ കമ്പനിക്കാണ്. 40 വര്‍ഷത്തിനുശേഷം ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഈ തുറമുഖത്തിന്റെ ഉടമസ്ഥാവകാശം പൂര്‍ണ്ണമായും കേരളസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വിഴിഞ്ഞം അന്തര്‍ദ്ദേശീയ സീ പോര്‍ട്ട് എന്ന കമ്പനിക്ക് ലഭിക്കുന്ന തരത്തിലാണ് കരാര്‍ വ്യവസ്ഥകള്‍.
2016 ൽ എൽ ഡി എഫ് സർക്കാർ അധികാരമേറ്റപ്പോൾ പുലിമുട്ട് നിർമാണം പുരോഗമിച്ചു. പുലിമുട്ട് നിർമിച്ചാൽ മാത്രമെ ഹാർബറിനെ ശാന്തമാക്കി നിലനിർത്താൻ കഴിയൂ. എന്നാൽ കാലവർഷത്തിന്റെ ഭാഗമായ കടൽക്ഷോഭത്തിനു പുറമെ, കാലാവസ്ഥ വെല്ലുവിളികൾ കാരണം അപ്രതീക്ഷിതമായുണ്ടാവുന്ന ന്യൂനമർദ്ദവും ചുഴലിക്കാറ്റും സുഗമമായ നിർമാണത്തിന് തടസമായി. ഓഖിയിൽ പുലിമുട്ടിന്റെ നൂറ് മീറ്ററോളം ഭാഗം കടലിൽ മുങ്ങി.
വന്‍കിട തുറമുഖങ്ങളോട് മത്സരിക്കാം
വന്‍കിട തുറമുഖങ്ങളോട് മത്സരിക്കാവുന്ന തരത്തില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് തുറമുഖം വിഭാവനം ചെയ്തിട്ടുള്ളത്. കരാറില്‍ വ്യക്തമാക്കപ്പെട്ട പ്രകാരം 1000 ദിവസത്തിനുള്ളില്‍, 2019-ല്‍ പദ്ധതി പൂര്‍ത്തീകരിക്കാതിരുന്നതിനാല്‍ അദാനിയുടെ കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേരളസര്‍ക്കാര്‍ നിയമനടപടികള്‍ ആരംഭിച്ചു. നിര്‍മ്മാണസാമഗ്രികള്‍ ലഭിക്കാത്തതുകൊണ്ടും കൊവിഡ് മൂലവുമാണ് പദ്ധതി വൈകിയെന്നുള്ള മറുപടി അദാനിയുടെ കമ്പനി നല്‍കി. ഇങ്ങനെയുള്ള സാഹചര്യത്തില്‍ അതിവേഗം പണി പൂര്‍ത്തീകരിച്ച് 2023-ല്‍ ഉദ്ഘാടനം നടത്താന്‍ കേരളസര്‍ക്കാരും അദാനി കമ്പനിയും ശ്രമിക്കുന്നതിനിടെയാണ് പ്രതിഷേധങ്ങൾ.
സമരക്കാരുടെ ആവശ്യങ്ങൾ
സമരത്തില്‍ ഉന്നയിക്കപ്പെടുന്ന ഏഴ് ആവശ്യങ്ങളില്‍ ഒന്നാമത്തേത് തുറമുഖത്തിന്റെ നിര്‍മ്മാണം നിര്‍ത്തിവെച്ച് ശരിയായ രീതിയിലുള്ള പാരിസ്ഥിതിക ആഘാതപഠനം നടത്തണമെന്നാണ്. കടല്‍ത്തീരശോഷണം മൂലം വീടുകള്‍ നഷ്ടപ്പെട്ടവരെ പുനഃരധിവസിപ്പിക്കുക, കടല്‍ക്ഷോഭം മൂലമുണ്ടാകുന്ന തീരശോഷണം തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുക, സൗജന്യനിരക്കില്‍ മണ്ണെണ്ണ നല്‍കുക, സമീപത്തുള്ള മുതലപ്പൊഴി മത്സ്യബന്ധനതുറമുഖം മണ്ണുനീക്കി കൂടുതല്‍ സൗകര്യപ്രദമാക്കുക തുടങ്ങിയവയാണ് സമരക്കാരുടെ മറ്റാവശ്യങ്ങള്‍. 300 കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു എന്നും കുറച്ചുപേര്‍ ബന്ധുവീടുകളിലും വാടകകെട്ടിടങ്ങളിലും ദുരിതമനുഭവിച്ച് കഴിയുന്നുവെന്നും സമരത്തിന് നേതൃത്വം നല്‍കുന്ന ലത്തീന്‍ കത്തോലിക്ക സഭ അവകാശപ്പെടുന്നു.10000 കുടുംബാംഗങ്ങളിലുള്ള 50000 മത്സ്യത്തൊഴിലാളികളെ പദ്ധതി ദോഷകരമായി ബാധിക്കുമെന്നാണ് സമരക്കാര്‍ അവകാശപ്പെടുന്നത്. വലിയ യന്ത്രം ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ നടത്തിയതോടെ ആവാസ വ്യവസ്ഥ ഇല്ലാതായെന്നാണ് ഇവിടെത്തെ തൊഴിലുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിയിരുന്നവർ പറയുന്നത്.
200 തരം മത്സ്യങ്ങളുടെ പ്രജനന വ്യവസ്ഥയില്‍ മാറ്റംവരുമെന്നും പരിസ്ഥിതി വാദികള്‍ അവകാശപ്പെടുന്നു. എന്നാല്‍ 700 ഏക്കര്‍ സ്ഥലം മാത്രമാണ് വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖത്തിനായി ഏറ്റെടുത്തിട്ടുള്ളത്. ഇതില്‍ കൂടുതല്‍ സ്ഥലങ്ങളും കടല്‍ നികത്തിയെടുത്തതാണ്. തുറമുഖത്തിന്റെ കരയില്‍ വീതി 150 മീറ്റര്‍ മാത്രമാണ്. 2.75 കി.മീ. കടലിലേക്ക് തള്ളിയാണ് തുറമുഖത്തിന്റെ നിര്‍മ്മാണം വിഭാവന ചെയ്തിട്ടുള്ളത്. ഒന്നര കിലോമീറ്റര്‍ വീതിയിലും ആറ് കിലോമീറ്റര്‍ നീളത്തിലും 30 കപ്പലുകള്‍ അടുക്കാവുന്ന വാര്‍ഫ് നിര്‍മ്മിക്കപ്പെടുന്നു. ഇങ്ങനെ പരമാവധി 2.75 കി.മീ. മുതല്‍ 6 കിലോമീറ്റര്‍ ചുറ്റളവ് വരെയാണ് തുറമുഖ നിര്‍മ്മാണം നടക്കുന്നത്.
അന്തര്‍ദേശീയ കപ്പല്‍ ഗതാഗത വഴിക്ക് അടുത്താണ് വിഴിഞ്ഞം തുറമുഖം നിലവില്‍ വരുന്നത്. കൊച്ചി, തൂത്തുക്കുടി, മംഗലാപുരം തുറമുഖങ്ങള്‍ക്കില്ലാത്ത പാരിസ്ഥിതിക ആഘാതം വിഴിഞ്ഞത്തുണ്ടാകില്ല . ഇനി സമരക്കാര്‍ പറയുന്നപോലെ 10000 മത്സ്യതൊഴിലാളി കുടുംബങ്ങളെ ബാധിക്കുന്ന കടലാക്രമണം മൂലമുള്ള തീരശോഷണമുണ്ടെങ്കില്‍ അതു സംബന്ധിച്ച്പഠനം നടത്താവുന്നതാണ്. വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍മ്മാണത്തിന്റെ ഭാഗമായി വീടുകളും തൊഴിലും നഷ്ടപ്പെട്ട മത്സ്യതൊഴിലാളികളെ പുനഃരധിവസിപ്പിക്കാതിരുന്നതിന്റെ ഉത്തരവാദിത്വം 2015 മുതല്‍ സംസ്ഥാനം ഭരിക്കുന്ന യുഡിഎഫിനും എല്‍ഡിഎഫിനുമാണ്.പദ്ധതി ഒപ്പുവച്ച യു ഡി എഫും ഭരണപക്ഷത്തിനൊപ്പം പ്രതികൂട്ടിലാണ്.
ചില പുരോഹിതന്മാര്‍ നടത്തിയ പ്രസംഗങ്ങളില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആഹ്വാനം നടത്തിയിരുന്നു. മണ്ണെണ്ണയൊഴിച്ച് പോലീസ് സ്റ്റേഷന്‍ കത്തിക്കുമെന്നു പുരോഹിതൻ പറഞ്ഞിരുന്നു. എന്നാൽ ഇത് യാദാർഥ്യമെന്നോളം പോലീസ് സ്റ്റേഷൻ ആക്രമണം ഉണ്ടായത് പുരോഹിതരുടെ ബലത്തിൽ തന്നെയാണ്. വിഴിഞ്ഞത്തെ കലാപ ഭൂമിയാക്കാനാണ് ശ്രെമങ്ങൾ നടക്കുന്നത് എന്ന് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. സമരത്തെയും ബാഹ്യ ശക്തികളുടെ ഇടപെടലുകളെയും അതിജീവിച്ച് കേരളത്തിന്റെ സ്വപ്ന പദ്ധതി പ്രവർത്തികമാകേണ്ടതുണ്ട്.