തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം ഇന്ന് വീണ്ടും ആരംഭിക്കുമെന്ന് ആദാനി ഗ്രൂപ്പ് അറിയിച്ചതിനെ തുടര്‍ന്ന് ശക്തമായ പ്രതിഷേധവുമായി സമരക്കാര്‍. തുറമുഖ നിര്‍മ്മാണത്തിനാവശ്യമായ കരിങ്കല്ലുമായി എത്തിയ ലോറികള്‍ സമരക്കാര്‍ തടഞ്ഞു. വാഹനങ്ങള്‍ക്ക് മുന്നില്‍ കിടന്ന് പ്രതിഷേധിച്ച സമരക്കാരെ പൊലീസ് അനുനയിപ്പിച്ച് നീക്കി. എന്നാല്‍ തുറമുഖ നിര്‍മ്മാണത്തെ അനുകൂലിക്കുന്ന സംഘവുമെത്തിയതോടെ കൂടുതല്‍ സംഘര്‍ഷാവസ്ഥയുണ്ടായി. അതിനിടെ പ്രതിഷേധക്കാരില്‍ ചിലര്‍ കല്ലേറും ആരംഭിച്ചു.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം എന്തു വില കൊടുത്തും തടയുമെന്ന നിലപാടിലാണ് സമരക്കാര്‍. അതേസമയം, പൊലീസ് സംരക്ഷണ ഉത്തരവ് വന്ന് നൂറുദിവസമായിട്ടും വിഴിഞ്ഞത്ത് നിര്‍മാണ പ്രവര്‍ത്തനം തടസപ്പെടുകയാണെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
















