ഇതാദ്യമായല്ല ഗവർണറുടെ മാധ്യമ വിലക്ക്. രണ്ട് മാധ്യമങ്ങൾക്ക് മാത്രം വാർത്ത സമ്മേളനത്തിൽ വിലക്ക് ഏർപ്പെടുത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ‘ഗെറ്റ് ഔട്ട്’അധികാരം മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം തന്നെയാണ്. ഒരിക്കലും അത് അംഗീകരിക്കാൻ കഴിയില്ല. മാധ്യമ പ്രവർത്തകരെ ഇറക്കി വിട്ട ഗവർണറുടെ നടപടി തികച്ചും ജനാധിപത്യത്തോടുള്ള അവഹേളനമാണെന്നും പറയാതിരിക്കാൻ വയ്യ . ഭരണഘടനയിലെ 19(1) (എ) വകുപ്പ് ഉറപ്പ് നല്‍കുന്ന അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തെയാണ് ഗവര്‍ണര്‍ തള്ളിക്കളയുന്നത്.
കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രണ്ട് മാധ്യമങ്ങളെ വിലക്കിയത് ന്യായീകരിക്കാൻ കഴിയാത്ത കാര്യമാണ്. ‘ഗെറ്റ് ഔട്ട്’ എന്ന ആക്രോശത്തിൽ പുറത്താക്കാൻ കഴിയുന്നതല്ല മാധ്യമങ്ങളെയും അവർ പുറത്തുവിടുന്ന വർത്തകളെയും. താങ്കൾക്ക് അനുകൂലമായ വാർത്തകൾ മാത്രം കൊടുക്കുന്ന ചാനലുകൾ മതി എന്ന പിടിവാശിയും അത്ര നല്ലതല്ല.
കൈരളി, മീഡിയ വൺ ചാനലുകളിൽ നിന്നുള്ള മാധ്യമ പ്രവർത്തകരോട് പുറത്തുപോകാൻ നിർദ്ദേശിച്ച ഗവർണറുടെ നടപടി തീർത്തും പ്രതിഷേധാർഹം തന്നെയാണ്. കേഡർ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന നിലപാടാണ് ഗവർണറുടേത് .രണ്ട് മാധ്യമങ്ങൾക്കാണ് വിലക്ക് ഏർപെടുത്തിയതെങ്കിലും അത് ബാധിക്കുക എല്ലാ മാധ്യമത്തെയും കൂടിയാണ്.എന്തെന്നാൽ എന്ത് തെറ്റും മറച്ചുവെച്ച് താൻ പറയുന്നത് മാത്രം കൊടുക്കുക എന്ന രീതിയിലേക്ക് പോകണം എന്നാണ് ഗവർണറുടെ മാധ്യമ വിലക്കിനെ കാണേണ്ടത്. ഈ നിലപട് സ്വീകരിക്കാത്ത ഒരു മാധ്യമങ്ങളും വേണ്ട എന്ന സൂചനയും ഇതിലുണ്ട്.
ഇന്ന് തിരുവനന്തപുരത്തെക്ക് പോകും മുമ്പ് മാധ്യമങ്ങളെ കാണുമെന്നും പങ്കെടുക്കാൻ താത്പര്യമുള്ളവർ രാജ്ഭവനെ മെയിൽ വഴി ബന്ധപ്പെടണമെന്നുമായിരുന്നു നിർദ്ദേശം. ഇത് പ്രകാരം മെയിൽ അയച്ച് രാജ്ഭവനിൽ നിന്നും മറുപടി അറിയിപ്പ് ലഭിച്ച പ്രകാരമാണ് മാധ്യമങ്ങളെത്തിയത്. മാധ്യമപ്രവർത്തകരുടെ ദേഹ പരിശോധന അടക്കം നടത്തിയാണ് ഗസ്റ്റ് ഹൗസിൽ പ്രവേശിപ്പിച്ചത്. എന്നാൽ മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയ ഉടൻ തന്നെ ഗവർണർ കൈരളിയിൽ നിന്നും, മീഡിയാ വണിൽ നിന്നുമുള്ള മാധ്യമപ്രവർത്തകരെ പുറത്തുപോകാൻ ആവശ്യപ്പെടുകയായിരുന്നു ഗവർണർ. ജനാധിപത്യത്തിന്റെ നെടുംതൂണുകളിൽ ഒന്നായ മാധ്യമങ്ങളെ വിലക്കാൻ എന്ത് അവകാശമാണ് ഗവർണർ നേടിയെടുത്തിട്ടുള്ളത് എന്നത് ചോദ്യമാണ്.
ഇതുവരെ കണ്ടുവരാത്ത തികച്ചും ഏകാധിപതിയുടെ സ്വഭാവത്തിലുള്ള ഗവർണറുടെ പെരുമാറ്റവും മുഖംമൂടി ധരിച്ചവരോട് സംസാരിക്കില്ലെന്ന പിടിവാശിയും ആർക്കു വേണ്ടിയാണ്. വാർത്ത സമ്മേളനത്തിൽ പങ്കെടുക്കാൻ മുൻകൂട്ടി അനുവാദം വാങ്ങുക,തന്നെ വിമർശിക്കുന്ന മാധ്യമങ്ങൾക്ക് വിലക്ക് നൽകുക,തുടങ്ങി മുൻപൊന്നും കേട്ടിട്ടില്ലാത്ത നിബന്ധനകൾ ആണ് ആരിഫ് മുഹമ്മദ് ഖാന്റേത്.
നേരത്തെയും ഗവര്‍ണര്‍ക്ക് താത്പര്യമില്ലാത്ത മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാധ്യമങ്ങൾക്ക് സ്വതന്ത്ര്യമായി പ്രവർത്തിക്കാനുള്ള മൗലിക അവകാശമുണ്ട്. വാർത്ത തനിക്ക് എതിരാണ് എന്ന് തോന്നുമ്പോൾ അവരെ വിരട്ടി പുറത്താക്കാനുള്ള നടപടി തികച്ചും സ്വാച്ഛാധിപരമായ ഒന്നാണ്. ജനാധിപത്യം നിലനിൽക്കുന്നിടത്തോളം കാലം ഭരണഘടനാ അനുശാസിക്കുന്ന എല്ലാ നിയമങ്ങളും സ്വാതന്ത്ര്യവും മാധ്യമങ്ങൾക്ക് ഉണ്ടായിരിക്കും.