കൊണാക്രി: കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ആത്‌മഹത്യ ചെയ്ത വിസ്‌മയയുടെ സഹോദരൻ വിജിത്ത് ഉൾപ്പെടെ 26 പേർ ഇക്വിറ്റോറിയൽ ഗിനിയ സേനയുടെ തടവിൽ. നൈജീരിയൻ സേനയുടെ നിർദ്ദേശപ്രകാരമാണ് സംഘത്തെ തടവിലാക്കിയത്. മോചനദ്രവ്യം കപ്പല്‍ കമ്പനി നല്‍കിയിട്ടും ഇവരെ മോചിപ്പിച്ചില്ല. എല്ലാവരെയും നൈജീരിയയ്ക്ക് കൈമാറാനാണ് ഇപ്പോഴത്തെ നീക്കം.
നോർവേ ആസ്ഥാനമായ ഒഎസ്എം മാറിടൈം കമ്പനിയുടെ ഹീറോയിക് ഐഡ കപ്പൽ ഓഗസ്റ്റ് എട്ടിന് നൈജീരിയയിലെ എകെപിഒ ടെർമിനലിൽ ക്രൂഡോ ഓയിൽ നിറയ്ക്കാനായി എത്തിയപ്പോഴായിരുന്നു ഗിനിയ സേനയുടെ പിടിയിലായത്. ക്രൂഡോയിൽ നിറയ്ക്കാനായി ഊഴം കാത്ത് ടെർമിനലിൽ നിൽക്കുന്നതിടെ, മറ്റൊരു കപ്പൽ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കടൽക്കൊള്ളക്കാരാണെന്ന ധാരണയിൽ കപ്പൽ നീക്കുന്നതിനിടെയാണ് ഗിനിയ സേന വളഞ്ഞത്.
ക്രൂഡ് ഓയില്‍ മോഷണത്തിന് വന്ന കപ്പല്‍ എന്ന രീതിയിലായിരുന്നു അന്വേഷണം. വിസ്മയയുടെ സഹോദരന്‍ ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ 16 അംഗ ഇന്ത്യൻ സംഘത്തിലുണ്ട്. പത്തുപേര്‍ വിദേശികളാണ്. അന്വേഷണത്തില്‍ ഒന്നും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഗിനിയന്‍ നേവി രണ്ടുലക്ഷം ഡോളര്‍ മോചനദ്രവ്യം കപ്പല്‍ കമ്പനിയോട് ആവശ്യപ്പെട്ടു. കമ്പനി അത് നല്‍കിയതോടെ മോചനം സാധ്യമായെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ജീവനക്കാരെയും കപ്പലിനെയും നൈജീരിയയ്ക്ക് കൈമാറാനാണ് ഇപ്പോഴത്തെ നീക്കം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ശക്തമായ ഇടപെടല്‍ ഉണ്ടെങ്കിലേ ഇനി മോചനം സാധ്യമാകൂ.