കോട്ടയം: കനത്ത മഴയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെള്ളം കയറി. ഒപി വിഭാഗത്തിൽ മുട്ടോളം വെള്ളം കയറി. ഇതോടെ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി. ഇന്ന് ഉച്ചയ്ക്കുശേഷം കോട്ടയത്ത് ശക്തമായ മഴയാണ് അനുഭവപ്പെട്ടത്.
വെള്ളം കയറിയിരിക്കുന്നത് പഴയ അത്യാഹിത വിഭാഗത്തിലാണ്. ഇപ്പോൾ വിവിധ വിഭാഗങ്ങളുടെ ഒപി പ്രവർത്തിക്കുന്നിടമാണിത്.
അതേസമയം ഒപിക്കു സമീപമായി ഒരു റോഡ് അടുത്ത കാലത്ത് നിർമിച്ചിരുന്നു. റോഡ് നിർമാണത്തെ തുടർന്ന് വെള്ളം ഒഴുകി പോകാനുള്ള ഓടകളെല്ലാം അടഞ്ഞു പോയിരുന്നു. റോഡിന്റെ അശാസ്ത്രിയ നിർമാണമാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
വെള്ളം നീക്കാനുള്ള നടപടികൾ തുടങ്ങിയിട്ടില്ല. ഒപിയിൽ ആളുകളുടെ തിരക്ക് കുറവുണ്ടെങ്കിലും വാർഡുകളിൽ കഴിയുന്ന രോഗികളും കൂട്ടിരിപ്പുകാരും പുറത്തേക്ക് പോകാനും അകത്തേക്ക് വരാനും ഒക്കെ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട മേഖലയാണിത്. വെള്ളം കയറിയിരിക്കുന്നത് ആളുകളെ വളരെയധികം ബുദ്ധിമുട്ടിക്കുന്നുണ്ട്. മഴ കുറയുമ്പോൾ വെള്ളം കുറയുമെന്ന പ്രതീക്ഷയിലാണ് ഇവർ.