ഇന്ത്യ തിങ്കളാഴ്ച ദീപാവലി ആഘോഷിച്ചത് പോലെ രാജ്യം മുഴുവൻ ആഘോഷമാക്കിയ മറ്റൊരു സംഭവമായിരുന്നു ഋഷി സുനക് എന്ന ഇന്ത്യൻ വംശജന്റെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായുള്ള ആരോഹണം. ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ആദ്യ ഇന്ത്യൻ വംശജനാണ് ഋഷി സുനക്. സമൂഹ മാധ്യമങ്ങളിൽ തന്നെ ഋഷി സുനക് താരവും തരംഗവുമായി മാറിയ ദിനംകൂട്ടിയായി ഇത്തവണത്തെ ദീപാവലി മാറി. അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ത്യൻ വംശജയായ കമല ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടപ്പോഴും ഇന്ത്യൻ സമൂഹം ഏറെ ആഹ്ലാദത്തോടെയാണ് അതിനെയും വരവേറ്റത്.
44 ദിവസത്തെ പ്രധാനമന്ത്രി പദവിക്ക് ശേഷം രാജിവെച്ച ലിസ് ട്രസിന് പകരക്കാരനായാണ് ഋഷി സുനക് എത്തുന്നത്. ബോറിസ് ജോൺസണും പെന്നി മോർഡൗണ്ടും പിന്മാറിയതിനെ തുടർന്നാണ് സുനക് എതിരില്ലാതെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്. ഇന്ന് (ചൊവ്വാഴ്ച) പ്രധാനമന്ത്രിയായി സുനക് ഔദ്യോഗികമായി ചുമതലയേൽക്കും.
ദീപാവലിയുടെ തലേ ദിവസം രാത്രി ടി20 ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യൻ ടീം ചിരവൈരികളായ പാകിസ്ഥാനെ തോൽപ്പിച്ചത് ആഘോഷിക്കുന്നതിനിടക്കാണ് ഋഷി സുനകിന്റെ പ്രധാനമന്ത്രി പദവും എത്തുന്നത്. ടീമിന്റെ വിജയശില്പിയായ വിരാട് കോഹ്ലിയുടെ ചിത്രം സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിറയുന്നതിനിടെയാണ് ഋഷി സുനകിന്റെ ചിത്രവുമെത്തുന്നത്. ഇതോടെ തിങ്കളാഴ്ച ക്രിക്കറ്റ് ടീമിനൊപ്പം ഋഷി സുനകും ഇന്ത്യൻ പത്രങ്ങളുടെ മുൻ പേജുകളിൽ എത്തി.
ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് ഇന്ത്യ അടുത്തിടെ സ്വാതന്ത്ര്യം നേടിയതിന്റെ 75 വർഷം ആഘോഷിക്കുമ്പോൾ ഈ വർഷം സുനക് പ്രധാനമന്ത്രിയാകുന്നത് കൂടുതൽ സവിശേഷമായിരിക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ പ്രധാനമായും പങ്കുവെക്കുന്നത്. ഇത് കൊളോണിയൽ കാലത്തിനുള്ള തിരിച്ചടിയായും പ്രതികാരമാണ് കാണുന്നവരും സോഷ്യൽ മീഡിയയിൽ ധാരാളമുണ്ട്.
“ഈ ദീപാവലി ദിനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിജയം ഏറെ പ്രത്യേകതയുള്ളതാണ്. അതുപോലെതന്നെ ഇന്ത്യൻ വംശജനും ഹിന്ദുമത വിശ്വാസിയും നമ്മുടെ സ്വന്തം നാരായണമൂർത്തിയുടെ മരുമകനുമായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നതും ഏറെ മഹത്തരമാണ്” ഇന്ത്യൻ സോഫ്റ്റ്വെയർ ഭീമനായ ഇൻഫോസിസ് ലിമിറ്റഡിന്റെ സ്ഥാപകൻ ഡി മുത്തുകൃഷ്ണൻ ട്വിറ്ററിൽ പങ്കുവെച്ചത് ഇങ്ങനെയായിരുന്നു.
യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ എന്നിവരുൾപ്പെടെ നിരവധി പേർ ലോകത്തിന്റെ വിവിധ ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നതും ഇന്ത്യക്കാർ ഇതുപോലെ ആഘോഷിച്ചിട്ടുണ്ട്.
“ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്നത് യുകെയ്ക്ക് ഒരു വലിയ ദീപാവലി സമ്മാനമായിരിക്കും. കൂടാതെ ഇന്ത്യയിൽ ആഘോഷിക്കാനുള്ള കാരണവുമായിരിക്കും,” മുൻ ഇന്ത്യൻ നയതന്ത്രജ്ഞൻ രാജീവ് ദോഗ്ര ട്വിറ്ററിൽ കുറിച്ചു.
അതേസമയം, വെള്ളക്കാരനല്ലാത്ത ഒരു പ്രധാനമന്ത്രിയെ ബ്രിട്ടീഷ് തലപ്പത്ത് സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞിരുന്ന കാര്യമില്ല. കുടിയേറ്റക്കാരനായ ഒരു കുടുംബത്തിൽ നിന്ന് അതും വെള്ളക്കാരനല്ലാത്ത ഒരാൾ ആ പദവിയിലേക്ക് എത്തുന്നത് അത്യപൂർവ സംഭവമായാണ് ലോകം തന്നെ നോക്കികാണുന്നത്. 1960 – കളിലാണ് ഋഷി സുനകിന്റെ കുടുംബം ബ്രിട്ടനിലേക്ക് കുടിയേറിയത്. ഇന്ത്യൻ പൗരയായ അക്ഷതാ മൂർത്തിയാണ് സുനക്കിന്റെ ഭാര്യ.
“സമീപ ദശകങ്ങളിൽ ബ്രിട്ടീഷ് രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും വന്ന മാറ്റങ്ങൾ കാണിക്കുന്ന ചരിത്ര നിമിഷമാണിത്” ബ്രിട്ടീഷ് ഫ്യൂച്ചർ തിങ്ക് ടാങ്ക് ഡയറക്ടർ സുന്ദർ കത്വാല ഈ നിമിഷത്തെ അടയാളപ്പെടുത്തിയത് ഇങ്ങനെയായിരുന്നു.
ബ്രിട്ടനിൽ ഇതുവരെ മൂന്ന് വനിതകൾ പ്രധാനമന്ത്രി പദത്തിൽ ഇരുന്നിട്ടുണ്ട്. ഇതിന് തൊട്ടു പിന്നാലെയാണ് ആദ്യത്തെ ഏഷ്യൻ പ്രധാനമന്ത്രിയും എത്തുന്നത്. ചരിത്രത്തിലെ അഞ്ചാമത്തെ ബ്രിട്ടീഷ് ഏഷ്യൻ കാബിനറ്റ് മന്ത്രിയാണ് ഋഷി സുനക്. 2010 വരെ ഒരാൾ പോലും ഇത്തരം സ്ഥാനത്ത് ഉണ്ടായിരുന്നില്ല.
അതേസമയം, സുനകിന്റെ വിജയം ആഘോഷിക്കുന്ന ഇന്ത്യൻ ജനതയുടെ ഇരട്ടത്താപ്പും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയെ ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചപ്പോൾ അന്ന് അവരെ ഇറ്റലിക്കാരി എന്ന് വിളിച്ചവരാണ് ഇപ്പോൾ ഋഷി സുനക് എന്ന ഇന്ത്യൻ വംശജൻ ബ്രിട്ടന്റെ തലപ്പത്തേക്ക് എത്തുമ്പോൾ ആഘോഷിക്കുന്നത്. ഇന്ത്യക്കാർ മറ്റു രാജ്യങ്ങളുടെ തലപ്പത്തു എത്തുമ്പോൾ ആഘോഷിക്കുകയും ഇന്ത്യയുടെ തലപ്പത്ത് അങ്ങനെ ഒരു പേര് ഉയരുമ്പോഴേ അതിനെ എതിർക്കുകയും ചെയ്യുന്ന ഇന്ത്യൻ ജനതയുടെ നടപടി കാലഹരണപ്പെട്ടതാണ്. സോണിയ ഗാന്ധി നമുക്കിപ്പോഴും ഇറ്റലിക്കാരിയാണ്. യഥാർത്ഥത്തിൽ ഇന്ത്യൻ ജനത ബ്രിട്ടീഷ് ജനതയുടെ മാനസിക വളർച്ചക്ക് മുന്നിൽ ചെറുതാണ് എന്ന് തെളിയിക്കുകയാണ് നമ്മൾ ചെയ്യുന്നത്.