തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു വൈസ് ചാന്‍സലര്‍മാര്‍ക്കു കൂടി നോട്ടിസ് നല്‍കാന്‍ രാജ്ഭവന്‍ . ശ്രീനാാരായണ സര്‍വകലാശാല വിസി, കേരള ഡിജിറ്റല്‍ സര്‍വകലാശാല വിസി എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കുക. സര്‍ക്കാര്‍ നേരിട്ട് നിയമിച്ച വിസിമാരാണ് ഇവര്‍. ഈ സര്‍വകലാശാലകള്‍ക്ക് യുജിസി അംഗീകാരം ലഭിച്ചിരുന്നു. അതിനാല്‍ യുജിസി മാനദണ്ഡം പാലിച്ച് നിയമനം നടത്തണമെന്നാണു ഗവര്‍ണറുടെ വാദം.
9 സര്‍വകലാശാലാ വി സിമാർ രാജിവയ്ക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അസാധാരണ നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണിത്.
സാങ്കേതിക സര്‍വകലാശാലാ വിസി ഡോ. എംഎസ് രാജശ്രീയെ പുറത്താക്കിയ സുപ്രീം കോടതി വിധിയെ തുടർന്നാണ് വിസിമാരുടെ രാജി ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍, മലയാളം സര്‍വകലാശാലകള്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്), ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല (കുഫോസ്), എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല (കെടിയു), ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല എന്നിവയിലെ വിസിമാര്‍ക്കാണ് രാജ്ഭവന്‍ അടിയന്തര നിര്‍ദേശം നല്‍കിയത്.
















