പോരാട്ടത്തിന്റെയും വിപ്ലവവീര്യത്തിന്റെയും നേതാവ് വിഎസ് അച്യുതാനന്ദന് നൂറിന്റെ നിറവിലേക്ക്. 97ാം വയസ്സുവരെ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ജനകീയ നേതാവ് വി എസ് ഇന്ന് വിശ്രമത്തിലാണ്.
5 വര്‍ഷം ജയിലിലും,നാലര വര്‍ഷക്കാലം ഒളിവിലും കഴിഞ്ഞ അനുഭവങ്ങളുടെ ചരിത്രവും ,കൃത്യതയുള്ള രാഷ്ട്രീയബോധവും ഉള്ള ജനനായകനാണു വിഎസ്. നിലപാടുകള്‍ തുറന്നുപറയാന്‍ കാണിച്ച ധൈര്യവും ആര്‍ജ്ജവവുമാണ് വിഎസിന് ഒരുപോലെ ആരാധകരേയും വിമര്‍ശകരേയും നല്‍കിയത്. ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവുമധികം ജനസമ്മതിയുള്ള നേതാവും അദ്ദേഹമായിരിക്കാം.
1923 ഒക്ടോബര്‍ 20 ന് ആലപ്പുഴ നോര്‍ത്ത് പുന്നപ്രയിലെ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി ജനനം. നാലാം വയസ്സില്‍ അമ്മയും 11 ആം വയസ്സില്‍ അച്ഛനും വിടപറഞ്ഞതോടെ അനാഥമായ ബാല്യം .സഹോദരന്റെ തണലില്‍ തയ്യല്‍ കടയിലും പിന്നീട് കയര്ഫാക്ടരിയിലും തൊഴിലെടുത്തു. അവിടെ തുടങ്ങുന്നു വി എസ് എന്ന കമ്മ്യുണിസ്റ്റിന്റെ രാഷ്ട്രീയ ജീവിതം.
നിവര്‍ത്തനപ്രക്ഷോഭത്തില്‍ ആകൃഷ്ടനായ വി എസ് 1938 -ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗമായി. എന്നാല്‍, പിന്നീട് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയന് പ്രവര്‍ത്തനങ്ങളിലും സജീവമായി.ജീവന് വെടിഞ്ഞെന്ന് കരുതി സര് സി പി യുടെ പോലീസ് ഉപേക്ഷിച്ച കുറ്റികാട്ടില്‍ നിന്നും വിപ്ലവവീര്യത്തിന്റെ കരുത്തോടെ ഉയിര്‍ത്തെണീറ്റു വി എസ്. 1940 ല്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി അംഗമായി. ജന്മികള്‍ക്കെതിരെയും ഭൂപ്രഭുക്കള്‍ക്കെതിരെയും സന്ധിയില്ലാത്ത പോരാട്ടം വി എസ്സിന് ജീവിതമായി.
1980-92 കാലഘട്ടത്തിലാണ് അദ്ദേഹം സിപിഎം സംസ്ഥാന സെക്രട്ടറിയാകുന്നത്. 1967, 1970, 1991, 2001, 2006, 2011, 2016 വര്‍ഷങ്ങളില്‍ സംസ്ഥാന നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1965-ല്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ തോല്‍വിയായിരുന്നു ഫലം.എന്നാല്‍, 1967 -ല്‍ കോണ്‍ഗ്രസിലെ തന്നെ എ.അച്യുതനെ 9515 വോട്ടുകള്‍ക്ക് തോല്പിച്ച് അദ്ദേഹം നിയമസഭാംഗമായി. 70 -ല്‍ ആര് എസ് പിയിലെ കെ കെ. കുമാരപിള്ളയെ വി എസ് തോല്‍പ്പിച്ചു. എന്നാല്‍, 77-ല്‍ വീണ്ടും തോല്‍വി. പിന്നെ നീണ്ട ഇടവേളയെടുത്തു. ശേഷം 91-ല്‍ മാരാരിക്കുളം മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്കു മത്സരിച്ചു. 1996 -ല്‍ മാരാരിക്കുളത്ത് തോറ്റു. 2001-ല്‍ അദ്ദേഹം ആലപ്പുഴ ജില്ല വിട്ട് മലമ്പുഴ മണ്ഡലത്തിലെത്തി. ചെറിയ ഭൂരിപക്ഷത്തോടെ വിജയിച്ചു. 2006-ല്‍ ഇതേ മണ്ഡലത്തില്‍ മുന്‍ എതിരാളിയെ വമ്പിച്ച ഭൂരിപക്ഷത്തിന് അദ്ദേഹം തോല്‍പ്പിച്ചു. 1992 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും സഭയില്‍ പ്രതിപക്ഷനേതാവായി. 2006 മെയ് 18 -ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 82 വയസ്സും 7 മാസവും പ്രായമുള്ള അദ്ദേഹം കേരളത്തിലെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയും ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയുമായിരുന്നു .
2011ല്‍ സീറ്റ് നിഷേധത്തിനെതിരെ ജനവികാരം ഉയര്‍ന്നതോടെ മലമ്പുഴയില്‍ തന്നെ വി.എസ്.അച്യുതാനന്ദനെ മത്സരിപ്പിച്ചു. 25,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിഎസ് ജയിച്ചെങ്കിലും രണ്ടു സീറ്റുകളുടെ വ്യത്യാസത്തില്‍ എല്‍ ഡിഎഫിന് തുടര്‍ഭരണം നഷ്ടമായി. 2016ലും മലമ്പുഴ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം മത്സരിച്ചു. 27,142 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിഎസ് വിജയിച്ചു. മുഖ്യമന്ത്രിയാകുമെന്ന് പലരും അനുമാനിച്ചെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില കണക്കിലെടുത്ത് അതുണ്ടായില്ല. 2016 ആഗസ്റ്റ് 3 ന് അദ്ദേഹം ഭരണ പരിഷ്കാര കമ്മീഷന് ചെയര്‍മാനായി നിയമിക്കപ്പെട്ടു.
100 കഴിഞ്ഞ പാർട്ടിക്ക് 99 വയസുള്ള നേതാവ്. സഖാവ് വി എസ് അച്യുതാനന്ദൻ.സമരജീവിതത്തിന് ജന്മദിനാശംസകള്