ഭോപാൽ: ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ താരം വൈശാലി ടക്കർ മരിച്ച നിലയിൽ. മധ്യപ്രദേശിലെ ഇൻഡോറിലെ വീട്ടിൽ ഞായറാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സസുരാൽ സിമർ കാ, യേ രിഷ്താ ക്യാ കെഹലാതാ ഹേ തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടിയാണ് വൈശാലി.
ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഒരു കത്തും നടിയുടെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. മുൻ കാമുകന്റെ ഭീഷണിയും ശല്യവും കാരണം മാനസിക സമ്മർദത്തിലായിരുന്നുവെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഇൻഡോറിൽ പിതാവിനും സഹോദരനുമൊപ്പമാണ് വൈശാലി താമസിച്ചിരുന്നത്. ഇരുവരും ബിസിനസുകാരാണ്. രാവിലെ വൈശാലി മുറിയിൽ നിന്ന് പുറത്തുവരാതിരുന്നതിനേ തുടർന്ന് അന്വേഷിച്ചെത്തിയ പിതാവാണ് തൂങ്ങിമരിച്ച നിലയിൽ ഇവരെ കാണുന്നത്.
വൈശാലി ഇതുപോലൊരു പ്രവൃത്തിക്ക് മുതിരും എന്ന് കരുതിയിരുന്നില്ലെന്ന് അച്ഛനും സഹോദരനും പ്രതികരിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2015-ൽ യേ രിഷ്താ ക്യാ കെഹലാതാ ഹേയിലൂടെയാണ് വൈശാലി ടക്കർ അഭിനയരംഗത്തെത്തുന്നത്. ബിഗ് ബോസ് താരം നിഷാന്ത് മൽക്കാനി നായകനായ രക്ഷാബന്ധൻ എന്ന പരമ്പരയിലാണ് അവസാനം അഭിനയിച്ചത്.
ഇൻസ്റ്റഗ്രാമിൽ അവസാനം പങ്കുവച്ചത് തമാശനിറഞ്ഞ റീലുകളും വിഡിയോകളുമാണെന്നും വൈശാലിയുടെ മരണം വിശ്വസിക്കാനാകുന്നില്ലെന്നും ആരാധകർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.