തിരുവനന്തപുരം: കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾക്കു പരിഹാരം തേടിയുള്ള നിരാഹാര സമരം അവസാനിപ്പിക്കാന്‍ തയാറാകാതെ സാമൂഹികപ്രവര്‍ത്തക ദയാബായി. മന്ത്രിമാരായ വീണാ ജോര്‍ജും ആര്.ബിന്ദുവും ആശുപത്രിയിലെത്തി സംസാരിച്ചെങ്കിലും സമരം അവസാനിപ്പിച്ചില്ല. എയിംസ് അടക്കം എല്ലാ ആവശ്യങ്ങളും അംഗീകരിക്കണമെന്നാണ് ദയാബായിയുടെ നിലപാട്.
രേഖാമൂലം ഉറപ്പ് ലഭിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കൂ. വാഗ്ദാനങ്ങൾ നൽകിയതിന്റെ പേരിൽ മാത്രം സമരം നിർത്താനാകില്ല. സമരസമിതി ഉന്നയിച്ച ആവശ്യങ്ങളിൽ മൂന്നെണ്ണം അംഗീകരിച്ചു. എൻഡോസൾഫാൻ ദുരിത ബാധിതർക്ക് പണമല്ല, ചികിത്സാസൗകര്യമാണ് ആവശ്യം. കാസർഗോഡ് ജില്ലയിൽ എയിംസ് അനിവാര്യമാണ്. ആ ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും ദയാബായി വ്യക്തമാക്കി.
ദയാബായിയുടെ ഉപവാസ സമരം 15 ദിവസം പിന്നിട്ട വേളയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം മന്ത്രിമാരായ ആര്.ബിന്ദുവും വീണാ ജോര്‍ജും ചര്‍ച്ചയ്ക്ക് സന്നദ്ധരായത്. ദയാബായിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ സമരസമിതി നേതാക്കളായ അമ്പലത്തറ കുഞ്ഞുകൃഷ്ണന്‍, ഫറീന കോട്ടപ്പുറം, കരീം ചൗക്കി എന്നിവര്‍ ചർച്ചയിൽ പങ്കെടുത്തു.
എൻഡോസൾഫാൻ ദുരിതബാധിതര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുക, കാസർകോട് എയിംസ് സ്ഥാപിക്കുക, കുട്ടികള്‍ക്കായി പകല്കരുതല് കേന്ദ്രങ്ങളൊരുക്കുക, ദുരിതബാധിതരെ കണ്ടെത്താന്‍ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ 90 ശതമാവും അംഗീകരിച്ചുവെന്നും ദയാബായി സമരം അവസാനിപ്പിക്കണമെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുന്ന ദയാബായിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ 14 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ ദയാബായി നിരാഹാര സമരം നടത്തുകയാണ്.
കാസർഗോട്ടെ ആരോഗ്യമേഖലയിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നതാണ് പ്രധാന ആവശ്യം. ജില്ലയിൽ ആശുപത്രിസംവിധാനങ്ങൾ പരിമിതമാണ്. ലോക്ഡൗൺ കാലത്ത് അതിർത്തി അടച്ചതുകൊണ്ടുമാത്രം മതിയായ ചികിത്സകിട്ടാതെ ഇരുപതോളംപേരാണ് മരിച്ചതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. പുതിയ എൻഡോസൾഫാൻ ഇരകളെ കണ്ടെത്തുന്നതിനുള്ള മെഡിക്കൽ ക്യാമ്പുകൾ അഞ്ചുവർഷമായി നടക്കുന്നില്ല. സമരത്തോട് പൂർണമായും മുഖംതിരിക്കുകയാണ് സർക്കാർ ചെയ്തതെന്നും ദയാബായി ആരോപിച്ചിരുന്നു.