കണ്ണുകൾ നമുക്ക് ഏറെ പ്രിയപ്പെട്ടതാണ്.അതുപോലെ തന്നെ അവയെ സംരക്ഷിക്കേണ്ട കാര്യത്തിലും നമ്മൾ ശ്രെധ ചെലുത്തണം. വെയിലത്തും പൊടിയിലും കൂടുതല്‍ നേരം കഴിയുമ്പോള്‍ കണ്ണുകളില്‍ വരള്‍ച്ച വരും. കണ്ണിലെ കണ്ണീര്‍ഗ്രന്ഥികള്‍ ഉണങ്ങുന്നതാണ് ഇതിന് കാരണം.
പൊടി, കാറ്റ്, പൂമ്പൊടി തുടങ്ങിയവ കണ്ണിന്റെ അലര്‍ജിക്ക് കാരണമാവാറുണ്ട്. ചൊറിച്ചില്‍, ചുവപ്പ് നിറം, പഴുപ്പ് എന്നിവയാണ് പ്രകടമായ ലക്ഷണങ്ങള്‍. പെട്ടെന്ന് ഡോക്ടറെ കാണുക. അലര്‍ജി ബാധിച്ചവര്‍ ഇടയ്ക്കിടെ കണ്ണ് ശുദ്ധ ജലത്തില്‍ കഴുകുന്നത് നല്ലതാണ്. കൂടാതെ പൊടി തുടങ്ങിയ അലര്‍ജിയുണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുകയും വേണം.
കുട്ടികൾക്കും കണ്ണിനു പല അസ്വസ്ഥതകൾ അനുഭവപ്പെടാം. മൂന്നു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ടിവി കാണുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം. കാരണം കുട്ടികളുടെ മസ്തിഷ്‌കവളര്‍ച്ചയേയും ബുദ്ധിവികാസത്തേയും അത് സ്വാധീനിക്കും. ഇടയ്ക്ക് കണ്ണ് ചിമ്മുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. എപ്പോഴും ടിവിയില്‍ നിന്നും നാല് മീറ്ററെങ്കിലും ദൂരത്തിരിക്കാന്‍ ശ്രദ്ധിക്കുക.ഇരിക്കുമ്പോള്‍ കണ്ണും ടിവിയുടെ മധ്യവും ഒരേ നിരപ്പിലായിരിക്കാന്‍ ശ്രദ്ധിക്കുക.
മുറിയില്‍ നല്ല ലൈറ്റ് ഉണ്ടാവണം. സ്‌ക്രീനില്‍ മാറി മാറി വരുന്ന തിളക്കമുള്ള വെളിച്ചം കണ്ണിലെ പേശികളെ ദുര്‍ബ്ബലമാക്കും. ക്രമേണ ഇത് കണ്ണിന് അസ്വസ്ഥത ഉണ്ടാക്കും.ടിവി കാണുന്നതിലെ പ്രശ്നങ്ങള്‍ തന്നെയാണ് കംപ്യൂട്ടറില്‍ നോക്കുമ്പോഴും ഉണ്ടാവുന്നത്. ഒരേ ദിശയിലേക്ക് കുറേ നേരം ഇമ ചിമ്മാതെ നോക്കുമ്പോള്‍ കണ്ണുകള്‍ വരളാനിടയാവുന്നു. അതുപോലെ എസിയില്‍ കൂടുതല്‍ നേരം ഇരിക്കുന്നതും വരള്‍ച്ച ഉണ്ടാക്കുന്നു. ഇടയ്ക്ക് ഇമ ചിമ്മണമെന്നത് ഓര്‍മ്മിക്കുക. കണ്ണിന് സുഖകരമാവും അത്. മോണിറ്ററില്‍ ആന്റിഗ്ലെയര്‍ സ്‌ക്രീന്‍ വെയ്ക്കുന്നതും കണ്ണിന് ഗുണകരമാണ്.
മൂന്ന് മാസം പ്രായമായ കുഞ്ഞുങ്ങളില്‍ കണ്ണില്‍ വെള്ള നിറം കാണുകയാണെങ്കില്‍ ഡോക്ട്റോട് വിവരം പറയണം. ചിലപ്പോഴത് തിമിരത്തിന്റെ ലക്ഷണമായേക്കാം. നാലുമാസം പ്രായമാവുമ്പോള്‍ പുറത്തെ വെളിച്ചങ്ങളോട് കുഞ്ഞ് പ്രതികരിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം.
തിമിരമാണ് സ്ത്രീകളില്‍ കൂടുതലായി കാണുന്ന നേത്ര രോഗം.ഏല്ലാ പ്രായക്കാരിലും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്ന രോഗമാണ് കോങ്കണ്ണ്. കണ്ണുകള്‍ ഒരേ സമയം ഒരേ ദിശയിലേക്ക് ഉപയോഗിക്കാന്‍ സാധിക്കാതെ വരുന്ന അവസ്ഥയാണ് കോങ്കണ്ണ്. ഏതെങ്കിലും ഒരു കണ്ണ് ഉള്ളിലേക്കോ പുറത്തേക്കോ തിരിഞ്ഞു കാണുന്നു. കണ്ണിലെ പേശികള്‍ ദുര്‍ബ്ബലമാവുന്നതു കൊണ്ടോ പാരമ്പര്യമായോ ഈ രോഗം വരാം. പ്രധാനമായും ശസ്ത്ര ക്രിയയിലൂടെയാണ് കോങ്കണ്ണ് മാറ്റുന്നത്. ചിലരില്‍ കണ്ണട മതിയാവും. ചിലര്‍ക്ക് ശസ്ത്രക്രിയയും കണ്ണടയും വേണം. ശസ്ത്രക്രിയ ലളിതമാണ്.
ചില രോഗങ്ങള്‍ കണ്ണിനേയും ബാധിക്കാറുണ്ട്. അവയില്‍ ഏറ്റവും പ്രധാനം പ്രമേഹം ആണ്. മറ്റൊന്ന് രക്തസമ്മര്‍ദ്ദമാണ്. പ്രമേഹവും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കുകയാണ് കണ്ണിനെ രക്ഷിക്കാനുള്ള പോംവഴി. പ്രമേഹരോഗികള്‍ എല്ലാ കൊല്ലവും നേത്രപരിശോധന നടത്താന്‍ ശ്രദ്ധിക്കണം. അതുപോലെ തൈറോയിഡ് രോഗം കൂടിയാലും കുറഞ്ഞാലും കണ്ണിനെ ബാധിക്കും.
ടെസ്റ്റുചെയ്യാതെ വാങ്ങുന്ന കണ്ണട, കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കും.
കണ്ണില്‍ കഴിയുന്നതും സ്പര്‍ശിക്കാതിരിക്കുക. കണ്ണ് തിരുമ്മുന്നതും ഒഴിവാക്കുക. യാത്ര കഴിഞ്ഞ് വരുമ്പോള്‍ ഇളം ചൂടുവെള്ളത്തില്‍ കണ്ണ് കഴുകുന്നത് ശീലമാക്കാം. വെള്ളം തളിച്ച് കഴുകുന്നതാണ് ഉത്തമമായ രീതി. പലതരം അണുക്കള്‍ കൈകളിലൂടെ കണ്ണിനെ ബാധിക്കാനിടയുണ്ട്. ആദ്യം കൈകള്‍ രണ്ടും സോപ്പിട്ട് കഴുകി വൃത്തിയാക്കണം. എന്നിട്ടേ കണ്ണുകള്‍ കഴുകാനൊരുങ്ങാവൂ.