ചെന്നൈ: തമിഴ് സൂപ്പര്‍ താരം നയന്‍താരക്കും വിഗ്നേഷിനും വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞുങ്ങൾ പിറന്നതു സംബന്ധിച്ച് തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് ജനിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് തമിഴ്നാട് ആരോഗ്യമന്ത്രി തിരു മാ സുബ്രഹ്മണ്യന് അന്വേഷണത്തിന് ഉത്തരവിട്ടത്.
വിവാഹം കഴിഞ്ഞ് അഞ്ചുവര്‍ഷത്തിനുശേഷവും കുട്ടികള്‍ ഇല്ലെങ്കിലും മാത്രമേ വാടക ഗര്‍ഭധാരണം നടത്താവൂ എന്ന ചട്ടം രാജ്യത്ത് നിലവിലുണ്ട്. ഇത് പാലിക്കാതെയാണോ വാടക ഗര്‍ഭധാരണം നടത്തിയതെന്നാണ് അന്വേഷിക്കുന്നത്.
21നും 35നും ഇടയില്‍ പ്രായമുള്ള വിവാഹിതയ്ക്കു മാത്രമാണ് ഭര്‍ത്താവിന്റെ സമ്മതത്തോടെ അണ്ഡം ദാനം ചെയ്യാന്‍ കഴിയുക. ഇത്തരം ചട്ടങ്ങള്‍ നിലനില്‍ക്കേ വിവാഹം കഴിഞ്ഞ് നാലു മാസത്തിനുള്ളില്‍ എങ്ങനെ വാടക ഗര്‍ഭധാരണം സാധ്യമാകും എന്നതാണ് ചോദ്യമുയരുന്നത്.
ഇക്കാര്യങ്ങള്‍ സംബന്ധിച്ച് താരത്തിനോട് തമിഴ്നാട് മെഡിക്കല്‍ കോളജ് ഡയറക്ടറേറ്റ് വിശദീകരണം ആവശ്യപ്പെടുമെന്ന് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യന് പറഞ്ഞു. നിയമലംഘനം നടന്നോയെന്നതു പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നയന്‍താരക്കും വിഘ്നേഷിനും ഇരട്ടക്കുട്ടികള്‍ പിറന്നതിന് പിന്നാലെ കുഞ്ഞുങ്ങളെ കുറിച്ചുള്ള ചൂടുപിടിച്ച ചര്‍ച്ചയിലായിരുന്നു സമൂഹ മാധ്യമങ്ങള്‍. നയന്‍താരയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന സുഹൃത്ത് ജനനം വാടക ഗര്‍ഭധാരണത്തിലൂടെയാണെന്ന് സ്ഥിരീകരിച്ചതായി ‘ദ ന്യൂസ് മിനുറ്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസമാണ് നയൻതാരയ്ക്ക് ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നത്. ഭർത്താവ് വിഘ്നേശ് ശിവൻ ആണ് കുഞ്ഞ് ജനിച്ച സന്തോഷവാർത്ത പങ്കുവെച്ചത്. നയനും ഞാനും അമ്മയും അച്ഛനുമായിരിക്കുന്നു. ഇരട്ട ആൺകുഞ്ഞുങ്ങളാൽ അനുഗ്രഹീതരായിരിക്കുന്നു ഞങ്ങൾ. ഞങ്ങളുടെ പ്രാർത്ഥനകളെല്ലാം, ഞങ്ങളുടെ മുൻഗാമികളുടെ അനുഗ്രഹങ്ങളെല്ലാം ഒന്നിച്ച് രണ്ട് കുഞ്ഞുങ്ങളുടെ രൂപത്തിൽ യാഥാർത്ഥ്യമായിരിക്കുകയാണ്. ഉയിരിനും ഉലകത്തിനും എല്ലാവരുടെയും പ്രാര്‍ഥനകള്‍ വേണം. ജീവിതം കുറച്ചുക്കൂടി നിറം പിടിച്ചതും മനോഹരവുമായി-ഇൻസ്റ്റഗ്രാം കുറിപ്പിൽ വിഘ്നേഷ് പറഞ്ഞു.