കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂർ മത്സരിക്കുന്നു എന്നറിഞ്ഞത് മുതൽ കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ ഒരൊറ്റ ആളുകൾ പോലും തരൂരിനെ പിന്തുണക്കുന്നില്ല എന്ന് മാത്രമല്ല പൂര്‍ണമായും അവഗണിച്ചിരിക്കുകയാണ്. പ്രചാരണത്തിന്റെ ഭാഗമായി തരൂര്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ പോലും പ്രധാനപ്പെട്ട നേതാക്കള്‍ ആരും തന്നെ തരൂരിനെ തിരിഞ്ഞു നോക്കിയില്ല .
മുതിർന്ന നേതാവായ ഖാർഗെയെ സുധാകരനും വി ഡി സതീശനുമടക്കം എല്ലാവരും പിന്തുണക്കുണ്ട്.അതിന്റെ പകുതി പോലും തരൂരിന് ഇവിടുള്ളവർ നല്‍കുന്നില്ല എന്നതാണ് വാസ്തവം. തരൂരിനെ പൂർണമായി അവഗണിക്കാനാണ് എഐസിസി നിർദേശം. നെഹ്റു കുടുംബത്തിൽ നിന്ന് തന്നെ ഒരാൾ അദ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കണമെന്ന പാർട്ടിയുടെ ആദ്യ നിലപടിൽ തന്നെ മനസിലാക്കാം കുടുംബ മഹിമയിൽ ഇപ്പോഴും കോൺഗ്രസ് ഒരടി വ്യതിചലിച്ചിട്ടില്ല എന്നത്. അതുകൊണ്ടാണ് രാഹുൽ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ഉണ്ടായത്.പക്ഷെ നേതാക്കൾടെ ആവശ്യം രാഹുൽ ഒഴിവാക്കി. ഹൈക്കമാൻഡ് പറയുന്നത് അപ്പാടെ അനുസരിക്കുന്ന കേരളത്തിലെ നേതാക്കൾ ഇക്കാര്യത്തിലും അതെ പാത തന്നെ പിന്തുടരുകയാണ്. ഇതുവരേയും മുഴുവൻ വോട്ടർമാരുടേയും ഫോൺ നമ്പർ പോലും തിരഞ്ഞെടുപ്പ് സമിതി കൈമാറിയിട്ടില്ല. തരൂരിനെ നേരിൽ കാണാൻ പോലും നേതാക്കൾ തയ്യാറല്ല.
എഐസിസി പിന്തുണയോടെയാണ് തന്നെ കേരളത്തിലെ നേതാക്കളും അവഗണിക്കുന്നതെന്ന് തരൂരിന് അറിയാവുന്ന കാര്യമാണ്. പലപ്പോഴായി ഇക്കാര്യത്തിൽ തരൂർ തന്റെ വിഷമവും പറഞ്ഞിട്ടുണ്ട്. ആർക്കും മത്സരിക്കാമെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് നേതൃത്വം ഇപ്പോൾ തരൂരിനോട് കാണിക്കുന്ന അവഗണന തരൂരിനെ പോലുള്ള ഒരു നേതാവിനോട് പാടില്ലാത്തതാണ്. പ്രത്യകിച്ച് കോൺഗ്രസിന്റെ ഇപ്പോഴത്തെ സ്ഥിതിയിൽ. ഇത്രയൊക്കെ പാർട്ടിയുടെ നേതാക്കൾ അവഗണിച്ചിട്ടും തീയിൽ കുരുത്തത് വെയിലത്തു വാടില്ല എന്ന നിലപാടിൽ തന്നെയാണ് ശശി തരൂരും. തന്റെ കഴിവും വിവരവും കേരളത്തിലെ നേതാക്കൾക്ക് മനസിലാകാത്തത് ആണോ അതോ മനപൂർവം അവഗണിക്കുന്നത് ആണോ എന്നും തരൂരിനു നിശ്ചയമില്ല.
എന്നാൽ തരൂർ പ്രചാരണം ശക്തമാക്കുകയാണ്. പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക് തന്റെ വില മനസിലായില്ലെങ്കിലും യുവനേതാക്കൾ തന്നെ പിന്തുണക്കും എന്ന വിശ്വാസത്തിൽ അവർക്കിടയിൽ പ്രചാരണം നടത്താനാണ് തരൂരിന്റെ നീക്കം .അതുകൊണ്ടു തന്നെ വിവിധ നേതാക്കളുമായി തരൂർ കൂടിക്കാഴ്ച നടത്തും.ആരോടും കർക്കശ നിലപാട് സ്വീകരിക്കാത്ത സൗമ്യനായ തരൂരിന് മനസാക്ഷി വോട്ടിലും നല്ല പ്രതീക്ഷയുണ്ട്.
ഇതൊക്കെ ആണെങ്കിലും വെച്ച കാൽ പിന്നോട്ടില്ല എന്ന തരൂരിനെ പോലുള്ളവരുടെ ആത്മവിശ്വാസം തന്നെയാണ് ഇന്ന് കോൺഗ്രസിന് വേണ്ടത്.