കേന്ദ്ര നഗരകാര്യ മന്ത്രാലയം നടത്തിയ ശുചിത്വ സർവേയിൽ കേരളത്തിലെ നഗരങ്ങൾ പിന്നിൽ. സംസ്ഥാനത്തെ ഒരു നഗരം പോലും ആദ്യ 100 റാങ്കുകളിൽ ഉൾപ്പെട്ടിട്ടില്ല. 10 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയിൽ ആലപ്പുഴ നഗരസഭയ്ക്കാണ് ഏറ്റവും ഉയർന്ന റാങ്ക്. 190–ാം സ്ഥാനമാണ് ആലപ്പുഴക്ക്. കഴിഞ്ഞ തവണ 234 –ാം സ്ഥാനത്തായിരുന്നു.
കൊച്ചി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കൊല്ലം എന്നിവയാണ് പട്ടികയിൽ ഇടം പിടിച്ച മറ്റു നഗരങ്ങൾ. 298–ാം സ്ഥാനത്ത് കൊച്ചിയും 305 –ാം സ്ഥാനത്ത് തിരുവനന്തപുരവും 313 –ാം സ്ഥാനത്തായി തൃശ്ശൂരും പിറകിലുണ്ട്. 336, 366 സ്ഥാനങ്ങളിലായി കോഴിക്കോടും കൊല്ലവുമുണ്ട്. രാജ്യത്തെ എല്ലാ നഗര തദ്ദേശ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിയുള്ള ദേശീയ റാങ്കിങ്ങിൽ സംസ്ഥാനത്തെ നഗരങ്ങൾ ഏറെ പിന്നിലാണ്.
ദക്ഷിണേന്ത്യയിൽ മികവു പുലർത്തുന്ന നഗരങ്ങളുടെ പട്ടികയിലും കേരളത്തിൽ നിന്നുള്ള ഒരു നഗരങ്ങളും ഉൾപ്പെട്ടിട്ടില്ല. ആലപ്പുഴ(1347), കൊച്ചി (2593), തിരുവനന്തപുരം (2735), തൃശൂർ (2827), പാലക്കാട് (2901), കോഴിക്കോട് (3192), കൊല്ലം (3821) എന്നിങ്ങനെയാണ് ദേശീയ റാങ്കിങ്ങിൽ കേരളത്തിലെ നഗരങ്ങളുടെ സ്ഥാനം.
തുടർച്ചയായി ആറാം തവണയും ദേശീയതലത്തിൽ വൃത്തിയുള്ള നഗരങ്ങളിൽ ഒന്നാം സ്ഥാനത്ത് ആയ ഇൻഡോർ തന്നയാണ് ഇത്തവണയും ഒന്നാമത് .