തിരുവനന്തപുരം: പാര്‍ട്ടി സംസ്ഥാന സമ്മേളന വേദിയില്‍ വെച്ച് വികാരാധീനനായി സിപിഐ നേതാവ് കെ ഇ ഇസ്മയില്‍.തനിക്ക് ക്യാപിറ്റല്‍ പണിഷ്മെന്റ് വിധിക്കണമെന്ന് ഒരു പ്രതിനിധി പറഞ്ഞതു കേട്ടപ്പോള്‍ നെഞ്ചില്‍ കഠാര കുത്തിയിറക്കുന്ന വേദന തോന്നി,പാര്‍ട്ടിയാണ് തനിക്ക് എല്ലാം. സി കെ ചന്ദ്രപ്പന് തന്റെയും നേതാവാണെന്നും ഇസ്മായില്‍ പറഞ്ഞു.
സിപിഐ സംസ്ഥാന കൗണ്‍സിലില്‍ നിന്നും പ്രായപരിധി മാനദണ്ഡം അടിസ്ഥാനമാക്കി കെ ഇ ഇസ്മയില്‍, കെ ദിവാകരന് തുടങ്ങിയവരെ ഒഴിവാക്കി. പ്രായപരിധി നിര്‍ദേശം ചോദ്യം ചെയ്യാനുള്ള ഇസ്മായില്‍ പക്ഷത്തിന്റെ നീക്കം സംസ്ഥാന സമ്മേളനത്തിലോ പുതിയ സംസ്ഥാന കൗണ്‍സിലിന്റെ ആദ്യ യോഗത്തിലോ നടന്നില്ല.
കെ ഇ ഇസ്മയില്‍ തന്നെയാണ് ദേശീയ നിര്‍വാഹക സമിതി അംഗമെന്ന നിലയില്‍ സെക്രട്ടറി സ്ഥാനത്തേക്ക് കാനത്തിന്റെ പേര് നിര്‍ദേശിച്ചത്. പന്ന്യന്‍ രവീന്ദ്രന് പിന്താങ്ങി. മുന്‍ എംഎല്‍എമാരായ ഇ എസ് ബിജിമോള്‍, പി രാജു എന്നിവര്‍ സംസ്ഥാന കൗണ്‍സിലില്‍ നിന്നും പുറത്തായി.