ദുബായ്: അന്തരിച്ച പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ മൃതദേഹം ദുബായിയില്‍ സംസ്‌കരിച്ചു. ജബല്‍ അലി ഹിന്ദു ക്രിമേഷന്‍ സെന്ററില്‍ തിങ്കളാഴ്ച പ്രാദേശിക സമയം വൈകീട്ട് 5.30നായിരുന്നു സംസ്‌കാരം. സഹോദരൻ രാമപ്രസാദ് ആണ് അന്ത്യകര്‍മങ്ങൾ ചെയ്തത്.
ഭാര്യ ഇന്ദിര രാമചന്ദ്രന്‍, മകള്‍ ഡോ. മഞ്ജു രാമചന്ദ്രന്‍, പേരക്കുട്ടികളായ ചാന്ദിനി, അര്‍ജുന്‍ എന്നിവരും അടുത്ത ബന്ധുക്കളും സാമൂഹ്യപ്രവര്‍ത്തകരും മാത്രമാണ് സംസ്‌കാര ചടങ്ങുകളില്‍ സംബന്ധിച്ചത്.
മരണശേഷം കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ദുബായ് സര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ചടങ്ങുകള്‍ നടന്നത്.
പ്രവാസി വ്യാപാരപ്രമുഖനും ചലച്ചിത്ര നിര്‍മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരിച്ചത്. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ കാരണം ശനിയാഴ്ചയായിരുന്നു അറ്റ്‍ലസ് രാമചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

















