യു.എ.ഇയിൽ ഇന്നും കടുത്ത ചൂടും ഉയർന്ന ഈർപ്പവും അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ (NCM) മുന്നറിയിപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില 46 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്.
പകലിൽ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കുമെങ്കിലും, രാത്രിയിലും രാവിലെയുമായി തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞിനും നേരിയ മഞ്ഞിനും സാധ്യതയുള്ളതിനാൽ കാഴ്ചപരിധി കുറയാൻ ഇടയുണ്ട്.
രാജ്യത്ത് ഏറ്റവും ഉയർന്ന താപനില ലിവയിലാണ് അനുഭവപ്പെടാൻ സാധ്യതയുള്ളത്. അബുദാബി, അൽഐൻ, റാസൽഖൈമ എന്നിവിടങ്ങളിൽ ഉയർന്ന താപനില 43 ഡിഗ്രി വരെയും ഷാർജയിൽ 41 ഡിഗ്രിയും ദുബായിൽ 40 ഡിഗ്രി സെൽഷ്യസുമാണ് പ്രതീക്ഷിക്കുന്നത്.
ഉയർന്ന ചൂടിനൊപ്പം അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് വർദ്ധിക്കുന്നത് അസ്വസ്ഥത സൃഷ്ടിച്ചേക്കാം. ദുബായിൽ ഈർപ്പം 90 ശതമാനം വരെയും മറ്റ് ചില എമിറേറ്റുകളിൽ 85 ശതമാനം വരെയും ഉയരാൻ സാധ്യതയുണ്ട്.

















