തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗണ്‍സിലിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ 75 വയസ്സെന്ന ഉയര്‍ന്ന പ്രായപരിധി നടപ്പാക്കാന്‍ തലസ്ഥാന ജില്ല കമ്മറ്റി തീരുമാനിച്ചതോടെ സി ദിവാകരനെ സംസ്താന കൗണ്‍സില്‍ അംഗങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. സംസ്ഥാന കൗൺസിൽ പ്രതിനിധികളായി 101 പേരെ തിരഞ്ഞെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
മുൻപത്തെ സംസ്ഥാന കൗൺസിലിനെ അപേക്ഷിച്ച് അഞ്ച് അംഗങ്ങൾ ഇത്തവണ അധികമുണ്ട്. ജില്ലാ കമ്മിറ്റികൾ യോഗം ചേർന്ന് സംസ്ഥാന കൗൺസിലിലേക്ക് അംഗങ്ങളെ തീരുമാനിക്കുകയാണ് ചെയ്യുന്നത്. സംസ്ഥാന കൗൺസിലിലേക്ക് എത്തുന്നവരുടെ അംഗബലം നോക്കിയാവും സെക്രട്ടറി സ്ഥാനത്തേക്ക് മൽസരത്തിന് ഇറങ്ങണോ എന്ന് കാനം വിരുദ്ധ വിഭാഗം തീരുമാനിക്കുക.
സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. പാർട്ടിയിൽ മേധാവിത്വം ഉറപ്പിച്ച് കാനം രാജേന്ദ്രൻ പക്ഷം മുന്നോട്ട് പോവുകയാണ്. സി ദിവാകരനും കെ ഇ ഇസ്മയിലിനും എതിരെ സമ്മേളത്തിൽ ഉയർന്ന രൂക്ഷ വിമർശനം വിമത നീക്കങ്ങൾ പ്രതിസന്ധിയിലാക്കി.