സംസ്ഥാന രാഷ്ട്രീയത്തിൽ സിപിഎം എന്ന പാർട്ടിയെ അടിപതറാതെ മുന്നോട്ട് നയിച്ച, ഏത് ആപത്ഘട്ടത്തിലും പാർട്ടിയുടെ നെടുംതൂണായ, പ്രായോഗിക രാഷ്ട്രീയം സിപിഎമ്മിന് കാണിച്ച് നൽകിയ, സംഘർഷ കാലങ്ങളിൽ പോരാളിയായ, വ്യക്തിപരവും കുടുംബപരവും രാഷ്ട്രീയവുമായ ആരോപണങ്ങളിലും വ്യക്തിഹത്യകളിലും ഒരിക്കലും വീണ് പോകാത്ത, അടി പതറാത്ത നേതാവാണ് കേരളത്തിന് നഷ്ടമായിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണൻ എന്ന എപ്പോഴും സൗമ്യത കലർന്ന ചിരിയുള്ള നേതാവിന്റെ നഷ്ടം സിപിഎമ്മിന്റെ മാത്രമല്ല, രാഷ്ട്രീയ കേരളത്തിന്റെ കൂടിയാണ്.
കോടിയേരിയെ, കോടിയേരിയെന്ന നാടിന് വേണ്ടി ജീവിതം മാറ്റിവെച്ച നേതാവിനെ അറിയാൻ അദ്ദേഹത്തിന്റെ ചെറുപ്പകാലത്തെ ഒരു സംഭവം മാത്രം കേട്ടാൽ മതിയാകും. കോടിയേരിയുടെ വിവാഹം നടന്ന് കൊണ്ടിരിക്കെ അതേ ദിവസമാണ് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായി കോടിയേരിയെ തെരഞ്ഞെടുത്തത്. കല്യാണ സ്ഥലത്തുനിന്ന് സമ്മേളന നഗരിയിലേക്കുപോയ കോടിയേരി പിറ്റേന്നാണ് മടങ്ങിയെത്തിയത്. ഈ പാർട്ടിക്കൂറാണ് കോടിയേരിയെന്ന കമ്മ്യ്യൂണിസ്റ്റ്.
മൂർച്ചയേറിയ രാഷ്ട്രീയ നീക്കങ്ങളും ചിന്തിപ്പിക്കുന്ന വിമർശനങ്ങളും ഭരണസാമർഥ്യവും കോടിയേരിയുടെ കൈമുതലായിരുന്നു. അദ്ദേഹത്തിന്റെ സാമർഥ്യമാണ് പിണറായി, വിഎസ് പക്ഷങ്ങൾക്കിടയിൽ പക്ഷപാതമില്ലാതെ നിൽക്കാൻ അദ്ദേഹത്തെ സഹായിച്ചത്. എന്നാൽ അതൊരു പുതിയ പക്ഷമായി മാറ്റാൻ അദ്ദേഹം ഒരിക്കലും തയ്യാറായില്ല. അയാൾ തികഞ്ഞ പാർട്ടിക്കാരനായിരുന്നു. പാർട്ടിയുടെ നന്മ മാത്രം ആഗ്രഹിച്ച നേതാവായിരുന്നു. അങ്ങനെയൊരു നേതാവ് വിടപറയുമ്പോൾ സിപിഎമ്മിൽ അദ്ദേഹത്തിന്റെ കസേര ഒഴിഞ്ഞു തന്നെ കിടക്കും.
പാർട്ടിയിലും മുന്നണിയിലും ഉടലെടുത്ത പ്രശ്നങ്ങളെയെല്ലാം തന്റെ തന്ത്രജ്ഞതയിലൂടെ മറികടന്ന ചരിത്രവും കോടിയേരി ബാലകൃഷ്ണന് സ്വന്തം. സിപിഎം– സിപിഐ തർക്കം രൂക്ഷമായ വേളകളിലെല്ലാം പാർട്ടി അനുനയ ചർച്ചകൾക്കായി ചുമതലപ്പെടുത്തിയത് കോടിയേരിയെയാണ്. വെളിയം ഭാർഗവനും കാനം രാജേന്ദ്രനും പിണറായി വിജയനും വി.എസ്.അച്യുതാനന്ദനുമെല്ലാം കോടിയേരിയുടെ രാഷ്ട്രീയ നയതന്ത്രജ്ഞതയ്ക്കു മുന്നിൽ നല്ല കുട്ടികളായി.
വി.എസ് – പിണറായി വിഭാഗീയത രൂക്ഷമായ കാലത്തും തെളിഞ്ഞ് നിന്നത് കോടിയേരി ബാലകൃഷ്ണന്റെ സൗമ്യതയായിരുന്നു. വിഭാഗീയത രൂക്ഷമായതോടെ മുഖ്യമന്ത്രിയായ വിഎസിൽനിന്ന് ആഭ്യന്തര വകുപ്പ് എടുത്തു മാറ്റിയപ്പോൾ മന്ത്രിയായി എത്തിയത് കോടിയേരിയാണ്. എന്നാൽ വിഭാഗീയതയുടെ ബാക്കി പത്രമായ കോടിയേരിയുടെ മന്ത്രി പദവി വി.എസിനെ ചൊടിപ്പിച്ചിട്ടില്ല. വിഎസ് –കോടിയേരി ബന്ധവും കോടിയേരി – പിണറായി ബന്ധവും ഒരുപോലെ മുന്നോട്ട് ഒഴുകി.
പാടത്തു പണി തന്നാൽ വരമ്പത്തു കൂലി എന്ന പയ്യന്നൂർ വിവാദ പ്രസംഗം അദ്ദേഹത്തിലെ പാർട്ടിക്കാരനെയാണ് തുറന്ന് കാട്ടിയത്. തന്റെ പാട്ടിക്കാരോടുള്ള അദ്ദേഹത്തിന്റെ സ്നേഹം ഇത് തുറന്ന് കാണിച്ചു. എന്നാൽ വിവാദം ശക്തമായതോടെ തന്റെ വാക്കുകളെ ലഘൂകരിച്ച് കയ്യടി വാങ്ങാനും കോടിയേരി മിടുക്ക് കാട്ടി. ‘പാർട്ടി പ്രവർത്തകരെ ഇങ്ങോട്ട് ആക്രമിക്കാൻ വന്നാൽ വന്നയാൾ വന്നതു പോലെ തിരിച്ചുപോകാൻ പാടില്ല. പ്രതിരോധിക്കണം. തിരിച്ച് അങ്ങോട്ട് ആക്രമിക്കാൻ പോകണം എന്നല്ല ഞാൻ പറഞ്ഞത്. നമ്മളെ ഒരു ഈച്ച കുത്താൻ വന്നാൽ ആ ഇച്ചയെ തട്ടികളയില്ലേ?’- ശക്തമായ വാക്കുകളെ ഇതിലും ലളിതമാക്കി പറയാൻ കോടിയേരിക്ക് മാത്രം സാധിക്കുന്നതായിരുന്നു.
കുടുംബ കാര്യത്തിലും മക്കളുടെ കാര്യത്തിലും ഏറെ ആരോപണങ്ങൾ നേരിടേണ്ടി വന്ന നേതാവാണ് കോടിയേരി ബാലകൃഷ്ണൻ. ഇരുമക്കളും വിവിധ കേസുകളിൽ ആരോപണം നേരിടേണ്ടി വന്നപ്പോഴും അതിലൊന്നും അടിപതറാതെ അദ്ദേഹം മുന്നോട്ട് പോയി. എതിർകോണുകളിൽ നിന്ന് ആരോപണങ്ങൾ അദ്ദേഹത്തെ വ്യക്തിപരമായി വേട്ടയാടിയപ്പോൾ തന്റെ അതൊന്നും അദ്ദേഹത്തെ തളർത്തിയില്ല. മക്കൾ ആണെങ്കിലും അവർ സ്വതന്ത്രരായ വ്യക്തികൾ ആണെന്ന നിലപാടിലായിരുന്നു അദ്ദേഹം.
കേരളം കണ്ട മികച്ച ആഭ്യന്തരമന്ത്രിമാരിൽ ഒരാളായിരുന്നു. പൊലീസ് സേനയിൽ ആധുനികവൽക്കരണം നടന്നതും സ്റ്റുഡന്റ് പൊലീസ് രൂപീകരിച്ചതും അടക്കമുള്ള പുതിയ തുടക്കങ്ങൾ നടന്നത് കോടിയേരിയുടെ കാലത്താണ്. സർക്കാരിനു തലവേദനയാകുന്ന പൊലീസ് നയത്തെ തന്റെ സ്വതസിദ്ധമായ ശൈലിയിൽ കോടിയേരി പ്രശ്നങ്ങളില്ലാതെ മുന്നോട്ടുകൊണ്ടുപോയി.
വിദ്യാർത്ഥി നേതാവ്, നിയമസഭാ സാമാജികൻ, സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രി, പാർട്ടിയുടെ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, പൊളിറ്റ് ബ്യൂറോ അംഗം എന്നിങ്ങനെ വിവിധ രംഗങ്ങളിൽ പ്രവർത്തിച്ച നേതാവാണ് കോടിയേരി ബാലകൃഷ്ണൻ. വിദ്യാർത്ഥി സംഘടനാ രംഗത്തിലൂടെയാണ് രാഷ്ട്രീയജീവിതമാരംഭിച്ചത്.
അടിയന്തിരാവസ്ഥ കാലത്ത് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആയി സംഘടനയെ നയിച്ചു. ഈ സമയത്ത് 16 മാസത്തോളം മിസ തടവുകാരനായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കേരളമാകെ വേരുള്ള വിദ്യാർത്ഥി പ്രസ്ഥാനമായി എസ്എഫ്ഐയെ വളർത്തുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് ചെറുതല്ല. വളരെ ചെറിയ പ്രായത്തിൽ തന്നെ പാർട്ടിയുടെ ചുമതലകൾ ഏറ്റെടുത്തു നിർവഹിക്കാൻ ആരംഭിച്ച അദ്ദേഹം പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനം കേരളം രാഷ്ട്രീയത്തിന് സംഭാവന ചെയ്ത കരുത്തുറ്റ നേതാവാണ് വിട പറയുന്നത്.
ദീര്‍ഘനാളായി അര്‍ബുദ ബാധിതനായിരുന്ന കോടിയേരി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാത്രിയോടെയാണ് അന്ത്യം. മൂന്ന് തവണ സംസ്ഥാന സെക്രട്ടറിയായി സിപിഎമ്മിനെ കോടിയേരി നയിച്ചു. അഞ്ചുതവണ തലശ്ശേരിയില്‍ നിന്ന് എംഎല്‍എയായി. കോടിയേരി ബാലകൃഷ്ണന്റെ സംസ്കാരം തിങ്കളാഴ്ച മൂന്ന് മണിക്ക്. നാളെ ഉച്ചയ്ക്ക് മൃതദേഹം തലശ്ശേരിയില്‍ എത്തിക്കും. മൂന്ന് മണിമുതല്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം നടത്തും