കൊച്ചി: ഓണ്‍ലൈന്‍ മാധ്യമ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ അറസ്റ്റിലായ നടന് ശ്രീനാഥ് ഭാസിക്ക് ജാമ്യം. അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടുകയായിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. മരട് പൊലീസാണ് അറസ്റ്റ് ചെയ്തത്.
ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കല്‍) ഐപിസി 354(ലൈംഗിക ചുവയോടെ സംസാരിക്കല്‍) 294 ബി എന്നീ മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് കൊച്ചി മരട് പൊലീസ് രേഖപ്പെടുത്തിയത്. മൂന്നര മണിക്കൂറോളമാണ് നടനെ ചോദ്യം ചെയ്തത്. കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായകമാകും.
യാതൊരു പ്രകോപനവുമില്ലാതെ മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് മാധ്യമ പ്രവര്‍ത്തകയുടെ പരാതി. പരാതിക്കാരിയുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ പത്ത് മണിക്ക് മരട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു ശ്രീനാഥിന് പൊലീസ് നോട്ടീസ് നല്‍കിയത്. എന്നാല്‍ പൊലീസിനോട് നടന് സാവകാശം തേടിയ ശേഷം ഉച്ചയ്ക്കാണ് ഹാജരായത്.
‘ചട്ടമ്പി’ എന്ന തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടെയാണ് അവതാരകയോട് ശ്രീനാഥ് ഭാസി മോശമായി പെരുമാറിയത്. ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് അവതാരക നല്കിയ പരാതിയില്‍ പറയുന്നത്. യാതൊരു പ്രകോപനവുമില്ലാതെ അവതാരകയോടും, ക്യാമറാമാനോടും മോശമായ ഭാഷയിൽ നടന് സംസാരിക്കുക ആയിരുന്നുവെന്നും പരാതിയുണ്ട്.