നടൻ ശ്രീനാഥ് ഭാസി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഓൺലൈൻ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ആണ് ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യലിന് ഹാജരാകുവാൻ പൊലീസ് നിർദേശിച്ചത്. എന്നാൽ ഹാജരാകുവാൻ പൊലീസിനോട് സാവകാശം തേടിയിരിക്കുകയാണ് നടൻ.ഇന്ന് രാവിലെ 10 മണിക്ക് മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരുന്നത്. കൊച്ചി മരട് പൊലീസ് സ്റ്റേഷനിലാണ് നടനെ ചോദ്യം ചെയ്യുന്നത്.
സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ശ്രീനാഥ് ഭാസിക്കെതിരെ എടുത്തിരിക്കുന്ന കേസ് . യാതൊരു പ്രകോപനവുമില്ലാതെ മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് മാധ്യമ പ്രവര്‍ത്തകയുടെ പരാതി. പരാതിക്കാരിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
കൊച്ചിയിൽ ചട്ടമ്പി എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് സംഭവം.
എന്നാല്‍ താന്‍ മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച് സംസാരിച്ചിട്ടില്ലെന്നും അസഭ്യം പറഞ്ഞിട്ടില്ലെന്നുമാണ് ശ്രീനാഥ് ഭാസിയുടെ പ്രതികരണം.