എഴുപതു വർഷത്തെ പ്രവർത്തന കാലയളവിൽ രാഷ്ട്രീയ തന്ത്രജ്ഞനെന്ന വിളിപേരിനർഹനായിരുന്നു അന്തരിച്ച മുൻ മന്ത്രിയും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ ആര്യാടൻ മുഹമ്മദ്.ശക്തമായ രാഷ്ട്രീയ നിലപാടുകളുമായി പാർട്ടിക്ക് കരുത്തുപകർന്ന മലബാറിന്റെ വികസനത്തിലും നിർണായകമായ പങ്കു വഹിച്ച നേതൃശക്തിയെ കൂടിയാണ്അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത് .
പതിറ്റാണ്ടുകളുടെ രാഷ്ട്രീയ ജീവിതത്തിൽ എട്ടു തവണ നിയമസഭാ സാമാജികനായും, നാലു തവണ സംസ്ഥാന മന്ത്രിസഭയിൽ അംഗമായും പ്രവർത്തിച്ചിരുന്നു. പൊതുവെ ഇടതുപക്ഷത്തിനു മേൽക്കൈയ്യുണ്ടായിരുന്ന നിലമ്പൂരിൽ നിന്നാണ് ആര്യാടൻ മുഹമ്മദ് കേരള രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്.മലബാറിൽ മുസ്ലിം ലീഗിനോട് പോരാടിയാണ് ആര്യാടൻ രാഷ്ട്രീയ കളമുറപ്പിച്ചത്. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ ലീഗിന്റെ കോട്ടയായ മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസിന് കരുത്തുപകരാന്‍ ആര്യാടന് നടത്തിയ ശ്രമങ്ങള്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തിന്റെ ഭാഗമാണ്..പറയാനുള്ളത് മുന്നണിബന്ധങ്ങളെ ബാധിക്കുമോ ഇല്ലയോ എന്നൊന്നും നോക്കാതെ ലീഗിന്റെ യാഥാസ്ഥിതിക നിലപാടുകളെ ആര്യാടൻ തുറന്നു പറയാൻ ഒരിക്കലും മടിച്ചില്ല.കോൺഗ്രസിലെ എ , ഐ ഗ്രൂപ്പുപോരിൽ എന്നും എ ഗ്രൂപ്പിന്റെ മുന്നണിപ്പോരാളിയായിരുന്നു ആര്യാടൻ. എട്ടു തവണയും അദ്ദേഹം നിലമ്പൂർ മണ്ഡലത്തെയാണ് നിയമസഭയിൽ പ്രതിനിധീകരിച്ചത്. ഏതു വിഷയമാണെങ്കിലും പഠിച്ച് അവതരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി.
ട്രേഡ് യൂണിയന് പ്രവർത്തനത്തിലൂടെയാണ് അദ്ദേഹം പൊതുപ്രവർത്തന രംഗത്തെത്തുന്നത്. 1958 മുതല്‍ കെപിസിസി അംഗമായിരുന്നു അദ്ദേഹം. 1960-ല്‍ കോഴിക്കോട് ഡിസിസി സെക്രട്ടറിയായി. മലപ്പുറം ജില്ല രൂപീകരിച്ച 1969-ല്‍ അദ്ദേഹമായിരുന്നു ഡിസിസി അധ്യക്ഷന്‍.1965ല്‍ 30-ാം വയസ്സിലാണ് അദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് മത്സരിസിച്ചേങ്കിലും തോല്‍വിയായിരുന്നു ഫലം. 1967ല്‍ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1978-ല്‍ എ ഗ്രൂപ്പ് കോണ്‍ഗ്രസ് വിട്ട് ഇടത് മുന്നണിക്കൊപ്പം പോയപ്പോള്‍ എ.കെ ആന്റണിക്കൊപ്പം അടിയുറച്ച് നിന്ന നേതാവായിരുന്ന ആര്യാടന്.
ഇടത് മുന്നണിയിലേക്ക് പോയ ഘട്ടത്തില്‍ കുഞ്ഞാലിയുടെ തട്ടകമായിരുന്ന നിലമ്പൂരിലെ സ്ഥാനാര്‍ഥിയായി ആര്യാടനെയാണ് രംഗത്തിറക്കിയത്. ഉപതിരഞ്ഞെടുപ്പിലായിരുന്നു ഇത്. നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാതെയാണ് അദ്ദേഹം മന്ത്രിയായത്. നായനാര്‍ മന്ത്രിസഭയിലെ വനം- തൊഴില്‍ വകുപ്പുകളുടെ ചുമതല അദ്ദേഹത്തിനായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഐ ഗ്രൂപ്പിലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനേയാണ് ആര്യാടന് പരാജയപ്പെടുത്തിയത്. ഇ.കെ.നായനാർ മന്ത്രിസഭയിലാണ് അദ്ദേഹം ആദ്യം മന്ത്രിയാകുന്നത്. തൊഴിൽ ,വനം വകുപ്പുകളുടെ ചുമതലയായിരുന്നു. തൊഴില്‍ മന്ത്രിയായി പ്രവര്‍ത്തിക്കുമ്പോള്‍ 1980-ല്‍ സംസ്ഥാനത്ത് തൊഴില്‍ രഹിത പെന്‍ഷനും കര്‍ഷക തൊഴിലാളി പെന്‍ഷനും നടപ്പിലാക്കിയത് ആര്യാടനായിരുന്നു. .വൈദ്യുതി മന്ത്രിയായിരുന്നപ്പോഴുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും പ്രശംസ നേടി..മന്ത്രിയായി പ്രവർത്തിച്ച വകുപ്പുകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ട്രേഡ് യൂണിയൻ ലീഡറെന്ന നിലയിൽ വലിയ സംഭാവനകൾ നൽകി.
രണ്ട് തവണ തന്നെ തോൽപ്പിച്ച സി.പി.എം നേതാവ് കെ.കുഞ്ഞാലിയുടെ കൊലപാതകക്കേസിൽ പ്രതി ചേർക്കപ്പെട്ട ആര്യാടൻ പിൽക്കാലത്ത് കുറ്റവിമുക്തനായി. നിലപാടുകളില്‍ നിന്ന് ഒരിക്കലും പിന്നോട്ട് പോകാത്ത നേതാവായ ആര്യടാൻ മതേതരത്വം ശക്തമായി ഉയർത്തിപ്പിടിച്ചിരുന്നു.നിയമസഭാ നടപടിക്രമങ്ങൾ ഹൃദിസ്ഥമാക്കിയ ,കൊണ്ടുംകൊടുത്തും പൊരുതി വളർന്ന രാഷ്ട്രീയ അനുഭവങ്ങളുടെ കരുത്തായിരുന്ന ആര്യാടന്റെ മാതൃക വരും തലമുറകൾക്കും അനുകരിക്കാവുന്നതാണ്.