ഇന്ത്യയില്‍ മതഭ്രാന്ത് വ്യാപിച്ചിട്ടുണ്ടെന്നും ക്ഷേത്രങ്ങള്‍ക്ക് സമീപമുള്ള മുസ്ലിം പള്ളികള്‍ നീക്കം ചെയ്യണമെന്നും ഉത്തര്‍പ്രദേശ് ഫിഷറീസ് വകുപ്പ് മന്ത്രി സഞ്ജയ് നിഷാദ്. മദ്രസകള്‍ക്ക് ഭീകരാവാദ ബന്ധമുണ്ടെന്നും നിരവധി തവണ അവിടങ്ങളില്‍ നിന്ന് ഭീകരവാദികളെ പിടികൂടിയിട്ടുണ്ടെന്നും സഞ്ജയ് പറഞ്ഞു . ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടത്തി വരുന്ന മദ്രസ സര്‍വെയ്ക്ക് മുസ്ലിം മത പണ്ഡിതര്‍ പിന്തുണ പ്രഖ്യാപിക്കണമെന്നും ഇതിലൂടെ അവരുടെ പ്രതിച്ഛായ വര്‍ധിക്കുമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് ദാരിദ്ര്യം വര്‍ധിച്ചതും മുസ്ലിം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നഷ്ടപ്പെടുന്നതും മൗലനമാര്‍ കാരണമാണ്. മുസ്ലിം കുട്ടികള്‍ പഠിച്ച് ബോധമുള്ളവരാകുന്നത് മൗലാനമാര്‍ക്ക് ഇഷ്ടമല്ലെന്നും മന്ത്രി ആരോപിച്ചു. പ്രതിപക്ഷം മൗലാനമാരുമായി ചേര്‍ന്ന് മതഭ്രാന്ത് പരത്തുകയും കലാപത്തിന് ശ്രമിക്കുകയുമാണെങ്കിലും കേന്ദ്രത്തില്‍ നരേന്ദ്ര മോദിയും യുപിയില്‍ ആദിത്യനാഥും അധികാരത്തില്‍ വന്നതിന് ശേഷം കലാപങ്ങള്‍ കുറഞ്ഞുവരികയാണെന്നും സഞ്ജയ് നിഷാദ് പറഞ്ഞു.