ന്യൂഡൽഹി: കോൽക്കത്തയിൽ തൃണമൂൽ സർക്കാരിനെതിരേ ബിജെപി നടത്തിയ മാർച്ചിനിടെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി നടത്തിയ പരാമർശം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന വനിതാ പോലീസുകാരോട് സുവേന്ദു ആക്രോശിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്.
“എന്റെ ശരീരത്തിൽ തൊടരുത്, നിങ്ങൾ സ്ത്രീയാണ്, ഞാൻ പുരുഷനാണ്’ എന്നാണ് സുവേന്ദു വനിതാ പോലീസുകാരോട് ഉറക്കെ വിളിച്ചു പറയുന്നത്. തൃണമൂൽ കോൺഗ്രസും സുവേന്ദുവിനെ പരിഹസിച്ച് ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.
താൻ നിയമം അനുസരിക്കുന്ന പൗരനാണെന്നും തന്നോട് സംസാരിക്കാൻ പുരുഷ ഓഫീസർമാർ വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃണമൂൽ കോൺഗ്രസ് സർക്കാറിന്റെ അഴിമതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. ഹാസ്റ്റിങ് ഏരിയയിലെ പൊലീസ് ട്രയ്നിങ് സ്കൂളിന് സമീപത്തുവെച്ചാണ് അധികാരിയെ് കസ്റ്റഡിയിലെടുത്തത്.
തർക്കത്തെ തുടർന്ന് ഡിസിപി ആകാശ് മഘാരിയയാണ് പിന്നീട് സുവേന്ദു അധികാരിക്ക് പൊലീസ് വാഹനത്തിൽ അകമ്പടി പോയത്. താൻ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും സ്ത്രീകളെ ബഹുമാനിക്കുന്നതാണ് തന്റെ സംസ്കാരമെന്നും അധികാരി പിന്നീട് പറഞ്ഞു.
പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങുകയും അനിഷ്ടസംഭവങ്ങള്‍ അരങ്ങേറുകയും ചെയ്തതിനെ തുടര്‍ന്ന് സുവേന്ദു അധികാരി, ലോക്കറ്റ് ചാറ്റര്‍ജി, രാഹുല്‍ സിന്‍ഹ ഉള്‍പ്പെടെയുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രക്ഷോഭകർ പോലീസ് ജീപ്പിന് തീയിട്ടു. നൂറുകണക്കിന് ബിജെപി പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുത്തത്.
പശ്ചിമ ബംഗാളിനെ ഉത്തര കൊറിയയാക്കാനാണ് മമതാ ബാനർജി ശ്രമിക്കുന്നതെന്ന് പിന്നീട് സുവേന്ദു അധികാരി ആരോപിച്ചു. ജനപിന്തുണയില്ലാത്തതിനാൽ ഏകാധിപത്യം അടിച്ചേൽപ്പിക്കാനാണ് മമതാ ബാനർജി ശ്രമിക്കുന്നത്. ബംഗാളിനെ ഉത്തര കൊറിയയാക്കാനാണ് ശ്രമം. ബിജെപി അധികാരത്തിലെത്തിയാൽ ഇപ്പോൾ ചെയ്യുന്നതിനെല്ലാം ബിജെപി കനത്ത വില കൊടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.