‘അതെ, ഞങ്ങള്‍ തെരുവുപട്ടികളാ, തെരുവുപട്ടികൾക്ക് ഉടമകളില്ല,പക്ഷെ തമ്മിൽ തമ്മിൽ കൂറുണ്ട്, ചത്താലും ഞങ്ങള്‍ ഒറ്റകെട്ടാ’ എന്നൊക്കെയുള്ള ദുൽഖർ സൽമാന്റെ കമ്മട്ടിപ്പാടം ഡയലോഗ് ഒന്നും ഇവിടെ ഇപ്പോൾ വേണ്ട. ഇവിടെ ആവശ്യം ‘പേ പിടിച്ച തെരുവ് പട്ടി വീട്ടിൽ കേറി വന്നാൽ തല്ലിക്കൊല്ലും’ എന്ന അനിൽ നെടുമങ്ങാടിന്റെ ഡയലോഗ് ആണ്. അത്രക്കുണ്ട് തെരുവ് പട്ടികളെ കൊണ്ട് നിലവിൽ കേരളത്തിലെ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ.
കേരളം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നാണ് തെരുവുനായ്ക്കളുടെ അനിയന്ത്രിതമായ പെരുപ്പവും അവ മൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടും. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി തെരുവുനായയുടെ കടിയേറ്റ നിരവധി സംഭവങ്ങളും അതിന്റെ ആശങ്കകളും ആണ് ചർച്ചയാകുന്നത്.
ഈ മാസം പത്തനംതിട്ടയിൽ തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന 11 കാരിയായ അഭിരാമി എന്ന പെൺകുട്ടി മരിച്ചിരുന്നു. ഇതോടുകൂടി കുറച്ചു നാളുകൾക്ക് മുന്നേ കേരളം ഭയന്നിരുന്ന തെരുവുനായ ശല്യം വീണ്ടും ചർച്ചയായി. എത്രയോ പേർക്കാണ് തെരുവുനായയുടെ കടിയേറ്റ് ആശുപത്രികളിൽ ചികിത്സ തേടേണ്ടി വരുന്നത്.കണ്ണൂർ ജില്ലയിൽ ഈ മാസം തെരുവ് നായ്ക്കളുടെ കടിയേറ്റവരുടെ എണ്ണം 302 ആയിരിക്കുകയാണ്. ഇതുകൂടാതെ കോഴിക്കോടും കൊട്ടാരക്കരയിലെ കോട്ടയത്തും കൊല്ലത്തും തുടങ്ങി എല്ലാ സ്ഥലങ്ങളിലും തെരുവ് നായയുടെ കടിയേറ്റ് കുട്ടികളും മുതിർന്നവരും അടക്കം ആശുപത്രി കയറുകയാണ്.ഇതിനിടെ കോട്ടയത്ത് തെരുവുനായ്ക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ മൃഗസ്നേഹികളുടെ പ്രതിഷേധം ഉയർന്നിരുന്നു. നായയുടെ കടിയേറ്റ് ഒരു കുട്ടിക്ക് ജീവൻ നഷ്ട്ടപ്പെട്ടപ്പോൾ പ്രതിഷേധിക്കാത്ത മൃഗസ്നേഹികളുടെ നാട്ടിൽ മനുഷ്യ ജീവനേക്കാൾ വില മൃഗങ്ങൾക്ക് ആണ് എന്ന പരിഹാസവും കേൾക്കേണ്ടി വരുന്നു.
തെരുവുനായ്ക്കളുടെ ആക്രമണം കാരണം ഉണ്ടായ വാഹനാപകടങ്ങള്‍, പേവിഷ ബാധ മൂലമുള്ള മരണങ്ങള് എന്നിവയും കുറവല്ല. കേരളത്തില്‍ കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയത് എട്ട് ലക്ഷത്തിലധികം പേരാണ്. ഇക്കാലയളവിൽ തന്നെ ഇതുകാരണം നിരവധി മരണങ്ങളും സംഭവിച്ചിട്ടുണ്ട്. പല തെരുവുകളിലും രാത്രിയോ പകലോ എന്നില്ലാതെ നായ്ക്കൾ ചുറ്റിക്കറങ്ങുന്നു. കാൽ നടയാത്രക്കാരെ കടിച്ച് പരിക്കേല്‍പ്പിക്കുക മാത്രമല്ല വാഹനമോടിക്കുന്നവരുടെ കുറുകെ ചാടി വീണു തെരുവുനായ്ക്കള്‍ അപകടമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. തെരുവില്‍ നമ്മൾ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ കഴിച്ച് പെരുകി വരുന്ന നായ്ക്കൾ നമ്മൾക്ക് തന്നെ പേടിസ്വപ്നമായി മാറുന്ന അവസ്ഥ .
കോവിഡ് കാലത്ത് പെറ്റുപെരുകിയ നായക്കൂട്ടങ്ങളാണ് ആക്രമണകാരികളായി മാറിയതെന്നാണ് ഈ പ്രശത്തിനെതിരെ തദ്ദേശവകുപ്പ് വിളിച്ചുചേര്‍ത്ത യോഗത്തിൽ വിദഗ്ധ അഭിപ്രായം ഉയർന്നത്. കോവിഡ് കാലത്ത് മനുഷ്യസമ്പര്‍ക്കമില്ലാതെ വളര്‍ന്നതും ഭക്ഷണത്തിന്റെ കുറവുമാണ് ഇവരെ ആക്രമണ സ്വഭാവമുള്ളവയാക്കിയത്. പലപ്പോഴും ഉടമകള്‍ക്ക് താല്പര്യമില്ലാതെ ജനിക്കുന്ന നായ്ക്കുഞ്ഞുങ്ങളാണ് പിന്നീട് തെരുവ് നായ്ക്കളായി മാറുന്നതെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതുപോലെ കോവിഡ് കാലത്ത് ജനിച്ച തെരുവുനായകള്‍ മനുഷ്യരുമായി ഇടപഴകാതെയാണ് വളര്‍ന്നത്. ഇങ്ങനെ വളർന്ന ആയിരക്കണക്കിനു നായകളാണ് കേരളത്തിലുള്ളത് എന്നതാണ് മൃഗസംരക്ഷണ വകുപ്പിലെയും വെറ്റിനററി സര്‍വകലാശാലയിലെയും വിദഗ്ധർ പറയുന്നത്.ഭക്ഷണം കുറഞ്ഞതും ഇവയെ ആക്രമണകാരികളാക്കിയെന്ന് പഠനങ്ങള്‍ പറയുന്നത് .
അതുകൊണ്ടു തന്നെ ആരോഗ്യവകുപ്പ്, മൃഗസംരക്ഷണവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവയെ എല്ലാം ഉള്‍പ്പെടുത്തി ഒരു ആരോഗ്യമിഷന് തന്നെ ഈ വിഷയത്തില്‍ സര്‍ക്കാരിന് രൂപീകരിക്കാവുന്നതാണെന്ന് വിദഗ്ദ്ധരുടെ അഭിപ്രായം. തെരുവുനായകള്‍ക്കു പേവിഷ പ്രതിരോധ വാക്സീന് നല്‍കുകയാണ് ഏറ്റവും അടിയന്തരമായി നടപ്പാക്കേണ്ട നടപടി. ഒരു വര്‍ഷമാണ് വാക്സിന്റെ ഫലം നിലനില്ക്കുക. അതിനു ശേഷം വീണ്ടും നല്‍കേണ്ടിവരും.
നായ്ക്കളുടെ ശാസ്ത്രീയ നിയന്ത്രണത്തിനായി കാര്യക്ഷമമായ സംവിധാനങ്ങളുടെ അപര്യാപ്തതയും ഉണ്ട് . കോര്‍പ്പറേഷനുകളും ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്ഥാപനങ്ങളും ഉള്‍പ്പെടെ ചുരുക്കം ചില സ്ഥലങ്ങളിലൊഴിച്ചാല്‍ ഭൂരിപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ബ്ലോക്ക്, താലൂക്ക് തലത്തില്‍ പോലും തെരുവ് നായ്ക്കളെ പിടികൂടി പ്രജനനനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സ്ഥിരം സംവിധാനങ്ങള്‍ നിലവിലില്ല എന്നതും എടുത്തുകാട്ടപ്പെടേണ്ടതാണ്.
എന്തായാലും തെരുവുനായ വിഷയം ചർച്ചകളിലും യോഗങ്ങളിലും ഒതുക്കാതെ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികൾ എടുത്തില്ലെങ്കിൽ കോവിഡിനെ ഭയന്ന് ആളുകൾ വീടിനു പുറത്തിറങ്ങാത്തത് പോലെ തെരുവുനായ്ക്കളെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത ഒരു സാഹചര്യം ഉണ്ടാകും. മനുഷ്യനേക്കാൾ വില ഒരു നായ്ക്കും നിലവിലെ സാഹചര്യത്തിൽ ഇല്ല എന്നത് എടുത്തുപറയുന്നു.