ഏറെ വിവാദങ്ങൾ സൃഷ്ടിച്ചതാണ് സംസ്ഥാനത്ത് പിണറായി വിജയൻ സർക്കാർ വിതരണം ചെയ്ത ഭക്ഷ്യകിറ്റുകൾ. കോവിഡ് കാലത്ത് മുഴുവൻ ജനങ്ങൾക്കും സർക്കാർ എത്തിച്ച് നൽകിയ കിറ്റുകൾ ഏറെ ഉപകാരപ്രദമായ ഒന്നായിരുന്നു. എന്നാൽ ഇതിന്റെ കരാർ നൽകിയതും ഈടാക്കിയ വിലയും ഗുണമേന്മയുമൊക്കെ പലപ്പോഴും വിവാദങ്ങൾക്ക് വഴി തെളിയിച്ചു. അഴിമതി ആരോപണങ്ങൾ ഉയർന്നെങ്കിലും അതൊന്നും സർക്കാരിനെ വെല്ലുവിളിക്കുന്ന ഒന്നായി മാറ്റാൻ പ്രതിപക്ഷത്തിന് ആയില്ല. ഉയർന്ന ആരോപണങ്ങൾക്ക് അനുസരിച്ച് പിഴവുകൾ തിരുത്തി കിറ്റ് വിതരണം തുടർന്നു.
സാധാരണക്കാരെ നേരിട്ട് ആകർഷിക്കുന്ന ഒന്നായി കിറ്റുകൾ മാറി. ഇത് രാഷ്ട്രീയപരമായി ഏറെ നേട്ടമാണ് എൽഡിഎഫിന് ഉണ്ടാക്കിയത്. ഭരണത്തുടർച്ച പോലും കിറ്റ് എഫക്റ്റ് ആണെന്നാണ് പലരും വിലയിരുത്തിയത്. ജനം ഏറെ ബുദ്ധിമുട്ടിലായി കോവിഡ് കാലത്ത് അവരെ പട്ടിണി കൂടാതെ സംരക്ഷിച്ച സർക്കാരിനെ അവർ കൈവിടില്ലല്ലോ. കോവിഡ് കിറ്റിനൊപ്പം തന്നെ ഓണകിറ്റും ഏറെ ജനപ്രീതി നേടിയിരുന്നു. കഴിഞ്ഞ വര്ഷം 87.02 ലക്ഷം കിട്ടുകളാണ് സംസ്ഥാനത്ത് വിതരണം ചെയ്തത്.
എന്നാൽ ഇത്തവണ ഓണകിറ്റ് വിതരണം അല്പം പാളിയ സ്ഥിതിയാണ്. ഒരു ലക്ഷത്തിലേറെ കിറ്റുകളാണ് വിതരണം ചെയ്യാതെ വിവിധ ഇടങ്ങളിലായി കെട്ടിക്കിടക്കുന്നത്. പലയിടത്തും വാങ്ങാൻ ആളില്ലാത്തതും ചിലയിടങ്ങളിൽ കിറ്റ് തികയാത്ത അവസ്ഥയും ഉണ്ടായി. സംസ്ഥാനത്തെ 14,000 ൽ പരം റേഷൻ കടകളിലായി ബാക്കി വന്നത് ഒരു ലക്ഷത്തോളം സൗജന്യ ഓണക്കിറ്റുകളാണ്. ഇത് വിതരണത്തിൽ വന്ന സപ്ലൈകോയുടെ വീഴ്ചയാണോ അതോ ജനങ്ങൾക്ക് കിറ്റ് വേണ്ടാത്തത് ആണോ എന്നാണ് പുതിയ ചർച്ച.
തിരുവോണത്തലേന്നു രാത്രി 8 വരെയാണു ഓണക്കിറ്റ് വിതരണം നിശ്ചയിച്ചിരുന്നത്. ഓഗസ്റ്റ് 23 ന് ആരംഭി ച്ച് 15 ദിവസം കൊണ്ടാണു കിറ്റ് വിതരണം അവസാനിപ്പിച്ചത്. അവസാന 4 ദിനമാണു സ്വന്തം റേഷൻ കടയിൽ നിന്ന് അല്ലാതെയും കിറ്റ് വാങ്ങാനുളള പോർട്ടബിലിറ്റി സംവിധാനം അനുവദിച്ചത്. ഈ സമയത്ത് കിറ്റ് തികയാതെ വന്ന സ്ഥലങ്ങളിൽ നിന്ന് മറ്റു കടകളിലേക്കു റേഷൻ കടക്കാർ തന്നെ കാർഡ് ഉടമകളെ പറഞ്ഞു വിട്ടെങ്കിലും പലയിടത്തും കിറ്റ് ലഭിച്ചില്ല.
കിറ്റുകൾ എത്തേണ്ട സമയത്ത് കൃത്യമായി എത്തിയില്ല എന്ന ആരോപണം ശക്തമാണ്. കാർഡുകളുടെ തരം തിരിവിന് അനുസരിച്ച് വിവിധ കാർഡുകൾക്ക് വ്യത്യസ്ത ദിവസങ്ങൾ നിശ്ചയിച്ചിരുന്നു. എന്നാൽ തുടക്കത്തിൽ നടന്ന പോലെ പിന്നീട് വിതരണം നടന്നില്ല. അവസാന ആഴ്ചയിൽ കൃത്യസമയത്തു കിറ്റ് തയാറാക്കി നൽകുന്നതിൽ സിവിൽ സപ്ലൈസ് കോർപറേഷനു വന്ന പരാജയമാണ് ഇത്രയും എണ്ണം ബാക്കി വരാൻ കാരണമെന്നാണു സൂചന.
കിറ്റ് വിതരണം അട്ടിമറിക്കാൻ ബാഹ്യശക്തികളുടെ ഗൂഢാലോചന നടന്നുവെന്നാണ് വകുപ്പ് മന്ത്രി തന്നെ ഉന്നയിക്കുന്ന ആരോപണം. ആരായിരിക്കും ആ ബാഹ്യശക്തി? ഇതന്വേഷിക്കാൻ സർക്കാർ എന്തെങ്കിലും നടപടികൾ സ്വീകരിച്ചോ? മറുപടി തരാൻ സർക്കാർ തന്നെയാണ് ബാധ്യസ്തർ. വരും ദിവസങ്ങളിൽ ലഭിക്കുമായിരിക്കും.
കിറ്റിനെ എൽഡിഎഫ് രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്നതിനാലാണ് പലരും കിറ്റ് വാങ്ങാത്തത് എന്നാണ് വിഷയത്തിൽ ഉയരുന്ന മറ്റൊരു ആരോപണം. സംസ്ഥാനത്ത് ഉയരുന്ന മറ്റുവിവാദങ്ങളെ മറച്ച് പിടിക്കാൻ കിറ്റിനെ ആയുധമാക്കുന്നു എന്ന ആരോപണവും ശക്തമാണ്. അതേസമയം, കിറ്റ് ആകർഷകമല്ലാത്തതും പേരിനൊരു കിറ്റ് കൊടുക്കൽ മാത്രമായതും കിറ്റിനെ ഒഴിവാക്കാൻ പലരെയും പ്രേരിപ്പിച്ചെന്നാണ് വാർത്തകൾ.
കഴിഞ്ഞ മാസങ്ങളിൽ ഓരോ കടകളിലും റേഷൻ വിതരണം നടത്തിയതിന്റെ കണക്കുകൾ പരിശോധിച്ച് ആ അനുപാതത്തിനൊപ്പം 5% കൂടി കിറ്റുകൾ കൂടി എത്തിച്ചിരുന്നെങ്കിൽ കിറ്റ് ലഭിക്കാത്തതിന്റെ പരാതികൾ ഒഴിവാക്കാമായിരുന്നു. ഇത്തവണ 1.18 ലക്ഷം കിറ്റുകളാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞത്. കിറ്റ് ആകർഷകമാക്കാനും സർക്കാരിന് ശ്രമിക്കാമായിരുന്നു.