ഇന്ത്യയുടെ ഏറ്റവും വലിയ ശക്തികളിലൊന്ന് രാജ്യത്തിന്റെ ജനസംഖ്യയാണ്. ഇന്ത്യ എന്നല്ല ഏതൊരു രാജ്യത്തിന്റെയും മൂലധനം അവിടുത്തെ പൗരന്മാരാണ്, അവരുടെ ജീവനാണ്. പൗരന്മാരുടെ ജീവൻ അസ്വാഭാവികമായി നഷ്ടപ്പെടുത്താൻ ഒരു രാജ്യവും തയ്യാറാകില്ല. അതിനാൽ തന്നെ ഭൗതികവും നയപരവുമായ രാജ്യത്തിന്റെ അഥവാ ഭരണകൂടത്തിന്റെ തീരുമാനങ്ങൾ എല്ലാം തന്നെ അവരെ സംരക്ഷിച്ചുകൊണ്ടുള്ളതാകും. അവരുടെ ജീവന് വിലകല്പിക്കുന്ന ഭരണകൂടങ്ങൾ അവരുടെ സുരക്ഷക്കാവശ്യമായ സംവിധാനവും നിയമവും ഒരുക്കും. അത് പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയും ചെയ്യും.
എന്നാൽ ഇന്ത്യ ഈ കാര്യത്തിൽ എവിടെ നിൽക്കുന്നു എന്ന് തിരിച്ചറിയാൻ ക്രൈം റെക്കോർഡ്‌സ് ബ്യുറോ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകൾ മാത്രം നോക്കിയാൽ മതി. ഒന്നര ലക്ഷത്തിലേറെ പേരാണ് രാജ്യത്ത് കഴിഞ്ഞ ഒരു വർഷം മാത്രം റോഡുകളിൽ പൊലിഞ്ഞത്. യാത്രാ സംവിധാനങ്ങൾ അപകടമുക്തമാക്കാനുള്ള ടെക്നോളജികൾ ലോകത്ത് ഏറെ ഉണ്ടെന്നിരിക്കെയാണ് ഈ അപകട പട്ടിക പുറത്തുവരുന്നത്. രാജ്യത്തെ ഏറ്റവും ഉയർന്ന അപകട മരണ നിരക്കാണ് ഇത്. 2020 ൽ 1.33 ലക്ഷം ആളുകൾ അപകടത്തിൽ മരിച്ചപ്പോൾ, 2021 ൽ അത് 1.55 ആയി ഉയർന്നു.
റോഡപകടങ്ങളിൽ പ്രധാന വില്ലൻ അമിതവേഗമാണ്. അമിത വേഗം അളക്കാനും നിയന്ത്രിക്കാനും സംവിധാനങ്ങൾ ഏറെയുണ്ട്. എന്നാൽ നമ്മുടെ ഭരണകൂടങ്ങൾ അതിലെല്ലാം എത്ര ശ്രദ്ധ പുലർത്തുന്നുണ്ട് എന്നത് ഈ കണക്ക് നമ്മെ ബോധ്യപ്പെടുത്തും. ആകെയുണ്ടായ ഒന്നര ലക്ഷത്തിലേറെ മരണങ്ങളിൽ 59.7 ശതമാനം മരണങ്ങളും അമിത വേഗം മൂലമാണ്. അമിത വേഗം മനസിലാക്കാൻ ഏറെ സംവിധാങ്ങൾ ഉണ്ടെങ്കിൽ പലതിന്റെയും പ്രവർത്തനം കാര്യക്ഷമമല്ല എന്നുറപ്പിക്കുന്നതാണ് അമിത വേഗത്തിൽ നമ്മുടെ നിരത്തുകളിലൂടെ ചീറിപ്പായുന്ന വാഹനങ്ങൾ. അമിത വേഗം മനസിലാക്കുകയും, പിഴക്ക് അപ്പുറത്തേക്ക് ലൈസൻസ് റദ്ദ് ചെയ്യുകയും തടവുൾപ്പെടെയുള്ള ശിക്ഷ നൽകുകയും വേണം. നിലവിലെ പിഴ തുകയൊന്നും ആളുകൾക്ക് ഒരു വിഷയമല്ല. 1000 രൂപ കൊടുക്കാനൊന്നും മത്സരപ്പാച്ചിൽ നടത്തുന്നവർക്ക് യാതൊരു പ്രയാസവും കാണില്ല. അതിനാൽ തന്നെ മത്സരയോട്ടത്തെ നിസ്സാരമായേ ഇത്തരക്കാർ കാണൂ. അത് ഉണ്ടാകുന്ന ഭീതി ചെറുതല്ല.
അശ്രദ്ധമായ ഡ്രൈവിംഗ്, ഓവർടേക്കിങ് എന്നിവയും വലിയൊരളവിൽ അപകടങ്ങൾ സൃഷ്ടിക്കുന്നു. 25.7 ശതമാനം അപകടങ്ങളും ഇത്തരത്തിൽ ഉള്ളതാണ്. അമിതവേഗം മൂലം 87050 മരണങ്ങൾ ആണ് 2021 ൽ സംഭവിച്ചതെങ്കിൽ അശ്രദ്ധമായ ഡ്രൈവിംഗ്, ഓവർടേക്കിങ് എന്നിവ മൂലം ഉണ്ടായത് 42853 മരണങ്ങളാണ്. 91893 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അമിതവേഗം മൂലമുണ്ടായ അപകടങ്ങളിൽ 2.28 ലക്ഷം പേർക്കാണ് പരിക്കേറ്റത്. മൊബൈൽ ഫോൺ ഉപയോഗം, മദ്യപിച്ച് വാഹനമോടിക്കൽ, റോഡുകളുടെ മോശം അവസ്ഥ എന്നിവയും അപകടങ്ങൾ വിളിച്ചുവരുത്തുന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ അപകടങ്ങളിൽ പെടുന്നതും മരണം സംഭവിക്കുന്നതും ഇരുചക്ര വാഹനക്കാരാണ്. ഒട്ടും സുരക്ഷിതമല്ലാത്ത ഇരു ചക്രവാഹങ്ങൾ ഏറെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഒന്നാണ്. എന്നാൽ അമിതവേഗം, അശ്രദ്ധമായ ഡ്രൈവിംഗ്, ഓവർടേക്കിങ്, മൊബൈൽ ഫോൺ ഉപയോഗം, മദ്യപിച്ച് വാഹനമോടിക്കൽ, റോഡുകളുടെ മോശം അവസ്ഥ, ഹെൽമറ്റ് ഉപയോഗിക്കാതിരിക്കൽ എന്നിവയെല്ലാം ഒരുപോലെ ഇരു ചക്രവാഹനങ്ങളെ ബാധിക്കും. 2021 ൽ റോഡപകടങ്ങളിൽ മരിച്ച 1.55 പേരിൽ 44.5 ശതമാനം പേരും ഇരുചക്ര വാഹനക്കാരാണ്. ഏറ്റവും കൂടുതൽ പരിക്കേറ്റത്തും ഇരുച്ചക്ര വാഹനക്കാർക്കാണ്.
കഴിഞ്ഞ വർഷം അപകടങ്ങളിൽ മരിച്ച യാത്രക്കാരിൽ 15.1 ശതമാനം പേർ കാർ യാത്രക്കാരാണ്. മരിച്ചവരിൽ 9.4 പേർ ട്രക്ക് യാത്രക്കാരും മൂന്ന് ശതമാനം ബസ് യാത്രക്കാരുമാണ്. വാഹനങ്ങൾ ഏത് തന്നെയായാലും പലപ്പോഴും അപകടങ്ങൾ വിളിച്ചു വരുത്തുന്നതിന്റെ കാരണങ്ങൾ എല്ലാം മുകളിൽ പറഞ്ഞവ തന്നെയാണ്. അത് എപ്പോഴും അപകടങ്ങളിൽ പരിക്കേറ്റവരോ മരിച്ചവരോ വരുത്തിയ തെറ്റ് കൊണ്ടാകില്ല. എതിർവശത്ത് നിന്നും വരുന്നവരുടെ കൂടി പിഴവ് കൊണ്ടാകാം.
അപകടങ്ങൾക്ക് വലിപ്പ ചെറുപ്പമോ വാഹനങ്ങളുടെ വ്യത്യാസമോ ഒന്നും തടസമല്ല. കഴിഞ്ഞ ദിവസമുണ്ടായ ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ അപകട മരണം വരെ ഇതാണ് തെളിയിക്കുന്നത്. അപകടങ്ങൾ സംഭവിക്കുന്നതിൽ ഗ്രാമ – നഗര വ്യത്യാസങ്ങളും കുറവാണ്. 59 ശതമാനം ഗ്രാമങ്ങളിൽ നടക്കുമ്പോൾ 41 നഗരങ്ങളിലും നടക്കുന്നു. വാഹനമോടിക്കുമ്പോൾ നിയമങ്ങൾ നിർദേശിച്ച പോലെ മുന്നോട്ട് പോകാൻ ഓരോ ആളുകളും തയ്യാറാകണം. ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നുറപ്പുവരുത്താൻ നമ്മുടെ ഭരണകൂടങ്ങൾക്ക് ഏറെ ബാധ്യതയുണ്ട്. നമ്മുടെ ജീവനൊപ്പം പ്രധാനമുള്ളതാണ് എതിരെ വരുന്നവന്റെ ജീവനും എന്നും കൂടെ നമ്മൾ ഓർക്കേണ്ടതുണ്ട്.