തിരുവനന്തപുരം: നിയമസഭ ബില്ലുകൾ പാസാക്കിലായലും ഭരണഘടനാപരമായ പരിശോധന ഇല്ലാതെ ഒപ്പിടില്ലെന്ന് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഏത് ബില്ലും സര്‍ക്കാരിന് പാസാക്കാം. എന്നാല്‍ ഭരണഘടനാപരമായ പരിശോധന നടത്തുമെന്നാണ് ഗവര്‍ണറുടെ വിശദീകരണം.
കണ്ണൂർ വിസിക്ക് പുനർനിയമനം നൽകിയത് മുഖ്യമന്ത്രി അപേക്ഷിച്ചത് കൊണ്ടാണെന്നും ഗവർണര്‍ വിശദീകരിച്ചു. ഗവർണര്‍ – സർക്കാർ പോര് മുറുകുന്നതിനിടെയാണ് കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രൻെ പുനർനിയമനത്തിൽ ഗവർണറുടെ പുതിയ വെളിപ്പെടുത്തൽ. പ്രോ ചാൻസ്‍ലര്‍ എന്ന നിലയിൽ പുനർ നിയമനത്തിന് ഉന്നത വിദ്യാഭ്യാസമന്ത്രി രാജ്ഭവന് നൽകിയ കത്ത് പുറത്ത് വന്നിരുന്നു.
സർവകലാശാലകളിൽ ഗവർണറുടെ അധികാരം കുറയ്ക്കുന്ന ബിൽ നിയമസഭയ്ക്ക് പാസാക്കാനുള്ള അധികാരമുണ്ടെങ്കിലും ചില ഘട്ടങ്ങൾ കൂടി കടക്കേണ്ടതുണ്ട്. അതിനുശേഷമേ നിയമമാകൂ. വൈസ് ചാൻസലറെ തിരഞ്ഞെടുക്കാനുള്ള സേർച്ച് കമ്മിറ്റിയിൽ സർവകലാശാലയുമായോ കോളജുമായോ ബന്ധമുള്ളവർ പാടില്ലെന്നാണ് യുജിസി നിയമം. എന്നാൽ, ഹയർ എജ്യുക്കേഷൻ കൗൺസിൽ വൈസ് ചെയർനാണ് ഇവിടെ സേര്‍ച്ച് കമ്മിറ്റി മേധാവി. സഭ പാസാക്കിയ ബില്ലുകൾ തന്റെ മുന്നിലെത്തുമ്പോൾ നിയമവശങ്ങൾ പരിശോധിക്കും.
അധികാരത്തിലിരിക്കുന്നവരുടെ അടുത്ത ബന്ധുക്കളാണ് സർവകലാശാലകളിൽ നിയമനം നേടുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർച്ച കാരണം കേരളത്തിലെ വിദ്യാർഥികൾ മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുകയാണ്. സർവകലാശാലകളിൽ കഴിവുള്ളവർ വിട്ടുനിന്നാൽ വിവരമില്ലാത്തവർ അധികാരം നേടുമെന്നും ഗവർണർ പറഞ്ഞു.
















