തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ പത്താം ദിവസവും മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധം തുടരുന്നതിനിടെ പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ. മത്സ്യത്തൊഴിലാളികളുടെ സമരം തുറമുഖ നിർമ്മാണ തൊഴിലാളികളുടെ ജീവന് ഭീഷണിയാകുന്ന തരത്തിലാണെന്നും പൊലീസും ഭരണകൂടവും നിഷ്ക്രിയത്വം പാലിക്കുകയാണെന്നും ആരോപിച്ചാണ് അദാനിഗ്രൂപ്പ് ഹര്‍ജി നൽകിയത്.
പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സംരക്ഷണം തേടി സംസ്ഥാന സർക്കാരിനെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. പൊലീസ് സംരക്ഷണം നൽകാൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കണം. കേന്ദ്ര സേനയുടെ സംരക്ഷണം നൽകാൻ കേന്ദ്ര സർക്കാരിനും നിർദേശം നൽകണമെന്നും ഹര്‍ജിയിൽ അദാനി ഗ്രൂപ്പ് ആവശ്യപ്പെടുന്നു. കരാർ കമ്പനിയും കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
അതേസമയം, വിഴിഞ്ഞം സമരം പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. മന്ത്രിതല സമിതിയുമായുള്ള രണ്ടാംവട്ട ചർച്ചയും പരജായപ്പെട്ടതോടെ പ്രതിഷേധം കടുപ്പിക്കാനുള്ള നീക്കത്തിലാണ് സമരക്കാർ. മന്ത്രിസഭാ ഉപസമിതിയും സമരക്കാരുമായുള്ള ചര്‍ച്ചയാണ് പരാജയപ്പെട്ടത്. തുറമുഖ നിർമാണം നിര്‍ത്താനാവില്ലെന്ന് സർക്കാര്‍ സമരക്കാരെ അറിയിച്ചു. സമരം തുടരുമെന്ന് പുരോഹിതർ അറിയിച്ചു.
മുഖ്യമന്ത്രിയുടെ പ്രതികരണം കരുതിക്കൂട്ടിയുള്ളതായിരുന്നില്ല എന്ന് മന്ത്രിമാർ അറിയിച്ചു എന്ന സഭാ നേതൃത്വം പറഞ്ഞു. അടിയന്തര പ്രമേയത്തിന്റെ പ്രത്യേക സാഹചര്യം മനസ്സിലാക്കണമെന്നും സമരസമിതിയോട് അഭ്യർത്ഥിച്ചു.
















