കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ. കേസിലെ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബഷീറിന്റെ സഹോദരനാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഹര്‍ജിയിലുള്ളത്. പ്രോസിക്യൂഷന്‍ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സഹായിക്കുന്നു. ശ്രീറാം വെങ്കിട്ടരാമന്റെ അവിഹിത ബന്ധവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ ബഷീറിന്റെ പക്കലുണ്ടായിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ബഷീറിന്റെ മരണത്തിലേക്ക് എത്തിച്ചതെന്ന് ഹര്‍ജിയില്‍ കുടുംബം ആരോപിച്ചു.
ബഷീറിന് രണ്ട് മൊബൈൽ ഫോണുകളാണ് ഉണ്ടായിരുന്നത്. അതിൽ സാധാരണ രീതിയിലുള്ള പഴയ മൊബൈൽ ഫോൺ മാത്രമാണ് കണ്ടെടുത്തത്. റെഡ്മി ഫോൺ ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. പ്രതിയെ സഹായിക്കാൻ പൊലീസ് ശ്രമിച്ചു എന്നതിന് തെളിവാണിതെന്ന് ഹരജിയിൽ ഉന്നയിക്കുന്നു.
കൊലപ്പെടുത്തണമെന്ന ഉദ്യേശത്തോടെ ശ്രീറാം വെങ്കിട്ടരാമന്‍ വാഹനമിടിപ്പിച്ചു എന്നാണ് ഹര്‍ജിയിലെ ആരോപണം. യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവരാന്‍ ഇപ്പോഴത്തെ അന്വേഷണം പര്യാപ്തമല്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
2019 ആഗസ്റ്റ് മൂന്നിനു പുലർച്ചെ ഒന്നരയ്ക്ക് മദ്യലഹരിയിൽ ശ്രീറാമോടിച്ച കാറിടിച്ചാണ് കെ.എം.ബഷീർ കൊല്ലപ്പെട്ടത്. കാറിനു 100 കിലോമീറ്ററിലേറെ വേഗമുണ്ടെന്നായിരുന്നു കുറ്റപത്രം. കെ.എം.ബഷീര്‍ കൊല്ലപ്പെട്ടിട്ട് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ നടപടികള്‍ ഇതുവരെയും തുടങ്ങിയില്ല. പലവാദങ്ങള്‍ ഉന്നയിച്ച് കോടതി നടപടികള്‍ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് ശ്രീറാമിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. അതിനിടയില്‍ സെഷന്‍സ് കോടതിയില്‍ വിചാരണനടപടികള്‍ ആരംഭിക്കാനിരിക്കെ എക്‌സിക്യൂട്ടീവ് മജിസ്റ്റീരിയല്‍ അധികാരമുള്ള കലക്ടറായി ശ്രീറാമിനെ നിയമിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്നു സര്‍ക്കാര്‍ തീരുമാനം മാറ്റുകയായിരുന്നു.
















