ശാന്തിഗിരി ആശ്രമ സ്ഥാപകൻ കരുണാകര ഗുരുവിന്റെ ആശ്രമത്തിൽ ജന്മഗൃഹ സമുച്ചയം വരുന്നു.150 കോടി ചെലവിൽ 163 അടി ഉയരത്തിലാണ് സമുച്ചയത്തിന്റെ നിർമാണം.സമുച്ചയത്തിന്റെ നിർമാണോദ്ഘാടനം ഞായറാഴ്ച നടന്‍ മമ്മൂട്ടി നിർവഹിക്കും. ചടങ്ങിൽ അഡ്വ. എഎം ആരിഫ് എംപി അധ്യക്ഷത വഹിക്കും. സാമൂഹിക- സാംസ്കാരിക- രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
2027ൽ നിർമാണം പൂർത്തീകരിക്കാനാണ് പദ്ധതി.പതിനേഴര ഏക്കറുള്ള ചന്തിരൂർ ആശ്രമത്തിന്റെ പ്രകൃതിക്ക് കോട്ടം തട്ടാതെയാണ് ജന്മഗൃഹ സമുച്ചയം നിർമിക്കുക. ആദ്യ ഘട്ടത്തിൽ 20 കോടി ചെലവിട്ട് ജന്മഗൃഹ സമുച്ചയം പൂർത്തീകരിക്കും. 163 അടി ഉയരത്തിലുള്ള സമുച്ചയത്തിനുള്ളിൽ 41 അടിയിൽ തടിയിൽ തീർത്ത താമരയുടെ രൂപത്തിലെ ശരകൂടവും അതിനുള്ളിൽ കരുണാകര ഗുരുവിന്റെ രൂപവും ഉണ്ടാകും.
മുഖമണ്ഡപം, പ്രദക്ഷിണ പഥം, ധ്വജസ്തംഭം, 4500 പേരെ ഒരേസമയം ഉൾക്കൊള്ളൊൻ കഴിയുന്ന പ്രാർത്ഥനാലയം, തീർത്ഥമണ്ഡപം, കൽമണ്ഡപം, ധർമമണ്ഡപം, സഭാമണ്ഡപം, മണിമണ്ഡപം, അന്നദാന മണ്ഡപം തുടങ്ങിയവ ഇതിനുള്ളിലുണ്ടാകും. ലൈബ്രറി, മ്യൂസിയം, കൺവെൻഷൻ സെന്റർ തുടങ്ങിയവയും ഉണ്ടാകും.
















