കെഎസ്ആർടിസിയ്ക്ക് അടിയന്തരമായി പണം നൽകാൻ സർക്കാറിനു നിർദേശവുമായി ഹൈക്കോടതി. 103 കോടി രൂപ ഉടനെ നൽകണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. സെപ്തംബർ ഒന്നിന് മുൻപ് തന്നെ പണം നൽകണമെന്നാണ് ഹൈകോടതി നിർദേശം . സർക്കാർ പത്ത് ദിവസത്തെ സാവകാശം തേടിയെങ്കിലും അനുവദിക്കാൻ കോടതി തയ്യാറായില്ല
ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളവും ഫെസ്റ്റിവൽ അലവൻസും നൽകാനാണ് പണം. ശമ്പളം നൽകാൻ വേറെ നിവർത്തിയില്ലെന്ന കെഎസ്ആർടിസിയുടെ സത്യവാങ്മൂലത്തിലാണ് കോടതിയുടെ നിർദ്ദേശം. . സർക്കാരിന്റെ സഹായമില്ലാതെ ജീവനക്കാർക്ക് ശമ്പളം നൽകാനാകില്ലെന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.
ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കിയാലേ സഹായിക്കൂ എന്നാണ് സർക്കാരിന്റെ നിലപാട്. ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കില്ലെന്ന് കെഎസ്ആർടിസി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ ധനസഹായം അനുവദിക്കാത്തതെന്നും ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കെഎസ്ആർടിസി പറയുന്നു.
















