നികൃഷ്ട ജീവിയുടെ കീഴിലാണ് മന്ത്രിസഭയെന്ന് വിഴിഞ്ഞം തുറമുഖ നിർമ്മാണ പദ്ധതിയിൽ സർക്കാരിനെതിരെ വിമർശനമുയർത്തി ലത്തീൻ അതിരൂപതയുടെ വിമർശനം. തുറമുഖ നിർമ്മാണം നിർത്തിവെയ്ക്കാതെ സമരത്തിൽ നിന്നും പിന്മാറില്ലെന്നും നിയമസഭയിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞത് കള്ളമാണെന്നും ഫാദർ തിയോ ഡേഷ്യസ്ഡിക്രൂസ് പറഞ്ഞു.
അദാനിയുടെ കൈയ്യിൽ നിന്നും കൈക്കൂലി വാങ്ങിയവരുണ്ടെങ്കിൽ തിരിച്ച് കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘വാ തുറന്നാൽ നികൃഷ്ട ജീവി, കടക്ക് പുറത്ത് എന്ന് പറയുന്ന ചങ്കന്റെ ധൈര്യം ഒന്നും ഇങ്ങോട്ട് വേണ്ട. ഇത് മത്സ്യത്തൊഴിലാളികളാണ്. പിണറായി വിജയനെ തകർത്ത് തരിപ്പണമാക്കി കണ്ണൂരിലേക്ക് പറഞ്ഞയക്കേണ്ടി വന്നാലും സമരം വിജയിപ്പിച്ചിട്ടേ അടങ്ങൂ’ എന്ന് ഫാദർ തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു. നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിമാർ മത്സ്യത്തൊഴിലാളികളെ പരിഹസിക്കുകയാണ്. തുറമുഖ മന്ത്രി വിഡ്ഢിയാണ്. കള്ളങ്ങൾ കുത്തി നിറച്ചതാണ് മന്ത്രിയുടെ പ്രസംഗം. മത്സ്യത്തൊഴിലാളികളും ജീവനേയും ജീവിതത്തേയും ബാധിക്കുന്ന തുറമുഖ നിർമ്മാണം നിർത്താതെ സമരത്തിൽ നിന്നും പിന്മാറില്ല. ഇപ്പോൾ നടക്കുന്നത് എല്ലാവിഭാഗം മത്സ്യത്തൊഴിലാലികളുടേയും സമരമാണ്.
















