സ്ത്രീവിരുദ്ധ പരാമർശം നടത്തുന്ന കാര്യത്തിൽ കോടതികൾ പോലും പിന്നിലല്ല എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ലൈംഗികാതിക്രമ കേസ് നേരിടുന്ന ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന്റെ കേസ് പരിഗണിക്കവേ കോടതി നടത്തിയ പരാമർശം. ഉത്തരേന്ത്യൻ ഖാപ് പഞ്ചായത്തുകളിലും നാട്ടുക്കൂട്ടങ്ങളിലും കാണപ്പെടുന്ന യാഥാസ്ഥിതിക പൊതുബോധത്തിൽ നിന്ന് പുറത്തു വരാത്ത ന്യായാധിപന്മാരുടെ വിധിക്ക് തുല്യമായി രാജ്യത്തെ ഒരു കോടതിയുടെ വിധി എന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്.
പരാതിക്കാരിയുടെ “പ്രകോപനപരമായ” വസ്ത്രധാരണമാണ് കുറ്റത്തിന് കാരണമെന്നു ഒരു കോടതി കണ്ടെത്തുന്നത് ഒട്ടും നിസാരമല്ല. രാജ്യത്ത് സ്ത്രീകളുടെ അന്തസിനെയും അവകാശത്തെയും ഉയർത്തിപ്പിടിച്ച് ഭരണഘടനയും സുപ്രീംകോടതി ഉൾപ്പെടെ പ്രഖ്യാപിച്ച വിവിധ വിധികളെയും റദ്ദുചെയ്യുന്നതാണ് കോഴിക്കോട് സെഷൻസ് കോടതി പുറപ്പെടുവിച്ച വിധി. വസ്ത്രം ‘പ്രകോപനകാരണമായി’ എന്ന് പറയുന്നതിലൂടെ, ‘പ്രകോപനം’ ഉണ്ടായാൽ പീഡിപ്പിക്കുന്നത് തെറ്റല്ല എന്ന് തന്നെയാണ് കോടതി ഈ ആധുനിക കാലത്ത് പറഞ്ഞ് വെക്കുന്നത്.
“പ്രതിഭാഗം ഹാജരാക്കിയ ഫോട്ടോഗ്രാഫുകളിൽ നിന്നും പരാതിക്കാരി ലൈംഗികചോദന ഉണർത്തുന്ന (sexually provocative) വസ്ത്രങ്ങളാണ് ധരിച്ചിരുന്നത് എന്നത് വെളിവാകുന്നു .അതുകൊണ്ടുതന്നെ പ്രതിക്കെതിരെ 354A വകുപ്പ് പ്രഥമദൃഷ്ട്യാ നിലനിൽക്കില്ല. “
സിവിക് ചന്ദ്രൻ കേസിൽ കോഴിക്കോട് സെഷൻസ് കോടതി പുറപ്പെടുവിച്ച വിധി ന്യായത്തിൽ പറയുന്ന വാചകമാണ് മുകളിൽ ചേർത്തിട്ടുള്ളത്. sexually provocative ആയ വസ്ത്രം ഏതാണെന്ന് കോടതി ആണോ തീരുമാനിക്കുക? അല്ലെങ്കിൽ, ഒരു സ്ത്രീ ഇന്ന വസ്ത്രമേ ധരിക്കാവൂ. ഏതൊക്കെയാണ് പുരുഷന്റെ മുന്നിൽ ഇടാവുന്നത്. ഏതൊക്കെ ഇടരുത് എന്ന കാര്യത്തിൽ എന്തെങ്കിലും ഒരു നിയമം ഈ രാജ്യത്ത് ഉണ്ടോ? ഇല്ല എന്നിരിക്കെ എങ്ങിനെയാണ് ഉത്തർവാദിത്വപ്പെട്ട ഒരു ഭരണഘടനാ സ്ഥാപനത്തിന് ഇങ്ങനെ പെരുമാറാൻ സാധിക്കുക. മറുപടി പറയാൻ കോടതി ബാധ്യസ്ഥമാണ്.
പ്രതിക്ക് പീഡനം നടത്താൻ ശേഷിയില്ലെന്നും കോടതിയുടെ ‘കണ്ടെത്തലിൽ ഉണ്ട്’. സിവിക് ചന്ദ്രനെതിരെ രണ്ട് സ്ത്രീകളാണ് തങ്ങള്‍ നേരിട്ടിട്ടുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ കേസ് കൊടുത്തിട്ടുള്ളത്. ആദ്യത്തെ കേസിൽ ജാമ്യം നൽകികൊണ്ടുള്ള ഉത്തരവിലാണ് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പരാമർശങ്ങൾ നടത്തിയിട്ടുള്ളത്.
വാർപ്പ് മാതൃകാ സങ്കല്പങ്ങളെ (ജൻഡർ stereotyping) അടിസ്ഥാനപ്പെടുത്തിയും സമൂഹത്തിൽ സ്ത്രീകൾക്കെതിരെ നിലനിൽക്കുന്ന മിഥ്യാധരണകൾ ഊട്ടിയുറപ്പിക്കുന്ന തരത്തിലും കീഴ്കോടതികൾ ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്ന അപർണ ഭട് vs സ്റ്റേറ്റ് ഓഫ് മധ്യപ്രദേശ് കേസിലെ സുപ്രീം കോടതിയുടെ 2021-ലെ കർക്കശമായ നിർദേശത്തെ മറികടന്നു കൊണ്ടാണ് കീഴ്കോടതിയിൽനിന്നും ഇത്തരത്തിലുള്ള ഒരു ഉത്തരവ് ഉണ്ടായത്.
അടങ്ങി വീട്ടിൽ ഒതുങ്ങി, കുലീനയായി, സൂക്ഷിച്ച്, ശ്രദ്ധിച്ച് ജീവിക്കേണ്ട സ്ത്രീകളുടെയും തങ്ങൾക്ക് തോന്നുന്ന പോലെ ജീവിക്കാനും, വികാരങ്ങളെ ഒട്ടും അടക്കുകയോ ഒതുക്കുകയോ വേണ്ടാത്ത പ്രകോപിതരാകാനും സ്ത്രീകളെ ഉപയോഗിക്കാനും കഴിയുന്ന പുരുഷന്മാരുടെയും സമൂഹമാണ് കോടതി ‘സ്വപ്നം കണ്ട കിനാശ്ശേരി’ എന്ന് പറയേണ്ടി വരും.
വിവാദമായ ഈ വിധി തിരുത്താൻ കോടതി തയ്യാറാവണം എന്നുള്ളതാണ് ഈ അവസരത്തിൽ ചെയ്യേണ്ട ഏറ്റവും ഉചിതമായ തീരുമാനം. അതേസമയം. സുപ്രീം കോടതിയുടേതടക്കമുള്ള കർശനനിർദ്ദേശങ്ങൾ പരസ്യമായി ലംഘിച്ച് ഭരണഘടനാപരമായ പ്രതിസന്ധിയിലേക്ക് നയിക്കുന്ന ഈ വിധി പ്രഖ്യാപിച്ച ന്യായാധിപനെ തൽസ്ഥാനത്തു നിന്നു നീക്കം ചെയ്യാൻ ഉപരികോടതികൾ സ്വമേധയാ തയ്യാറാവുകയും വേണം. അല്ലാത്ത പക്ഷം, കാലങ്ങളായി സ്ത്രീ സ്വാതന്ത്ര്യത്തിനായി രാജ്യം നടത്തിയ പോരാട്ടങ്ങൾ എല്ലാം തന്നെ ഇരുട്ടിലായി പോകും.