തിരുവനന്തപുരം: കാര്യവട്ടം ഗവര്‍ണ്‍മെന്‍റ് കോളേജിൽ പ്രിൻസിപ്പലിനെ എസ്.എഫ്.ഐ പ്രവർത്തകർ മുറിയിലിട്ട് പൂട്ടി. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ പൊലീസിനെ ക്യാംപസിലെ പ്രധാന ഗേറ്റ് പൂട്ടി തടയാനും ശ്രമമുണ്ടായി. കോഴ്സ് പൂർത്തിയാക്കിയ എസ്എഫ്ഐ നേതാവിനു വീണ്ടും അതേ കോഴ്സിനു പ്രവേശനം നൽകണമെന്ന സംഘടനയുടെ ആവശ്യം പ്രിൻസിപ്പൽ നിഷേധിച്ചതിനെ തുടർന്നായിരുന്നു സംഘർഷം.
തിങ്കഴാഴ്ച വൈകീട്ടോടെയാണ് സംഭവം. കഴിഞ്ഞ വര്‍ഷം അച്ചടക്ക നടപടി നേരിട്ട് കോളേജില്‍ നിന്നും പുറത്താക്കിയ രോഹിത് രാജ് എന്ന വിദ്യാര്‍ഥിയാണ് ഈ വര്‍ഷം അതേ വിഷയത്തില്‍ വീണ്ടും പ്രവേശനത്തിനെത്തിയത്. ഇതോടെ പ്രിന്‍സിപ്പള്‍ പ്രവേശനം നല്‍കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ വിദ്യാര്‍ഥിയെ അറിയിച്ചു.
നേതാവിന്റെ ഡിഗ്രി കോഴ്സ് കഴിഞ്ഞ വർഷം അവസാനിച്ചിരുന്നു. ചില വിഷയങ്ങൾ എഴുതി എടുക്കാനുണ്ട്. ഈ സാഹചര്യത്തിൽ വീണ്ടും കോഴ്സിനു പ്രവേശനം നൽകാനാകില്ലെന്നു പ്രിൻസിപ്പൽ നിലപാടെടുത്തു. തുടർന്ന്, പ്രതിഷേധിച്ച വിദ്യാർഥികൾ പ്രിൻസിപ്പലിന്റെ മുറിപൂട്ടിയശേഷം പുറത്തിറങ്ങി മുദ്രാവാക്യം വിളിച്ചു.
സംഭവമറിഞ്ഞെത്തിയ പോലീസാണ് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പ്രിന്‍സിപ്പളിന്റെ ഓഫീസിന് മുന്നില്‍ നിന്ന് മാറ്റിയത്. ഇതിനിടെ പോലീസും എസ്എഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. ഇതേതുടര്‍ന്ന് എസ്എഫ്‌ഐ കഴക്കൂട്ടം ഏരിയ കമ്മിറ്റി സെക്രട്ടറി അമിത് പവന്‍, ജോയിന്‍ സെക്രട്ടറി ഷൈജു, ഏരിയ പ്രസിഡണ്ട് രാഹുല്‍, യൂണിറ്റ് അംഗങ്ങളായ സബീര്‍, അബി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
സംഘർഷത്തിൽ കഴക്കൂട്ടം അസി.കമ്മിഷണർ ഉൾപ്പെടെയുള്ള 4 പൊലീസുകാർക്ക് പരുക്കേറ്റു. സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസ് സ്ഥലത്തെത്തി.
















