തിരുവനന്തപുരം: സര്‍വകലാശാല നിയമന വിവാദം കത്തിനില്‍ക്കെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ കത്ത്. സര്‍വകലാശാലകളില്‍ കഴിഞ്ഞ ആറ് വര്‍ഷം നടന്ന നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. ബന്ധു നിയമനവും സ്വജനപക്ഷപാതവും കാട്ടി, മികവിന്റെയും ആശയസംവാദങ്ങളുടെയും വിളനിലമാകേണ്ട സര്‍വകലാശാലകളെ സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തുണ്ടായ തകര്‍ച്ചയെ തുടര്‍ന്ന്, ഉപരിപഠനത്തിനായി മറ്റു രാജ്യങ്ങളെയും സംസ്ഥാനങ്ങളെയും ആശ്രയിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം സംസ്ഥാനത്ത് കൂടി വരികയാണ്. യൂണിവേഴ്‌സിറ്റി നിയമങ്ങള്‍ എല്ലാ സര്‍വകലാശാലകള്‍ക്കും സമ്പൂര്‍ണ സ്വയംഭരണം ഉറപ്പാക്കുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അവരുടെ ബന്ധുക്കളെ നിയമിക്കാനുള്ള കേന്ദ്രമാക്കി സര്‍വകലാശാലകളെ മാറ്റിയിരിക്കുകയാണ്.
മുന്‍ രാജ്യസഭാംഗവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.കെ.രാഗേഷിന്റെ ഭാര്യയായ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോഷ്യേറ്റ് പ്രഫസറാക്കിയത് ബന്ധുനിയമന പട്ടികയില്‍ ഏറ്റവും അവസാനത്തേതാണ്. സിപിഎം നേതാവിന്റെ ഭാര്യയുടെ റിസര്‍ച്ച് സ്‌കോര്‍ മറ്റ് ആറ് ഉദ്യോഗാര്‍ഥികളേക്കാള്‍ കുറവായിട്ടും വൈസ് ചാന്‍സലര്‍ അധ്യക്ഷനായ സമിതിയുടെ അഭിമുഖത്തില്‍ അവര്‍ ഒന്നാം സ്ഥാനത്തെത്തിയത് അദ്ഭുതകരമാണ്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ആറ് വര്‍ഷത്തെ സര്‍വകലാശാലാ നിയമനങ്ങളില്‍ സ്വജനപക്ഷപാതമുണ്ടെന്ന ആരോപണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണം– പ്രതിപക്ഷ നേതാവ് അഭ്യര്‍ഥിച്ചു.
അതേസമയം കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമത്തിന് ഹൈക്കോടതി താല്‍ക്കാലിക സ്റ്റേ അനുവദിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസറാക്കിയ നിയമനമാണ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞത്. ഹരജി 31 ന് വീണ്ടും പരിഗണിക്കും. അതുവരെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിയമനം തടഞ്ഞത്. യു.ജി.സിയെ ഹരജിയില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. സര്‍വകലാശാല ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസയക്കുകയും ചെയ്തു. രണ്ടാം റാങ്കുകാരന്‍ ജോസഫ് സ്കറിയയുടെ ഹരജിയിലാണ് നടപടി.
















