തിരുവനന്തപുരം: ലോകയുക്ത നിയമ ഭേദഗതിയിൽ സിപിഎമ്മും സിപിഐയുമായുള്ള ചര്‍ച്ചയിൽ പുതിയ സമവായ നിര്‍ദേശം. ലോകായുക്ത വിധി മുഖ്യമന്ത്രിക്ക് എതിരാണെങ്കിൽ പുനഃപരിശോധന നടത്താൻ നിയമസഭയേയും, മന്ത്രിമാർക്ക് എതിരാണെങ്കിൽ മുഖ്യമന്ത്രിയേയും, എംഎൽഎമാർക്ക് എതിരാണെങ്കിൽ സ്പീക്കർക്കും പുനഃപരിശോധിക്കാം എന്ന തരത്തിൽ നിയമഭേദഗതി നടത്താമെന്നാണ് ഏറ്റവും ഒടുവിൽ ചർച്ചകളിൽ ഉരുത്തിരിഞ്ഞുവന്ന നിർദേശം.
സിപിഐ മുന്നോട്ടുവെച്ച ബദൽ നിർദേശങ്ങൾ ഭേദഗതിയായി കൊണ്ടുവരാനാണ് ആലോചിക്കുന്നത്. സബ്ജക്ട് കമ്മിറ്റിയിലോ വകുപ്പ് തല ചർച്ചയിലോ ഭേദഗതിയായി കൊണ്ടുവരും. ലോകായുക്ത വിധിയുടെ പുനഃപരിശോധനക്ക് സ്വതന്ത്രസമിതി എന്ന സിപിഐയുടെ നിർദേശത്തിൽ നിയമപ്രശ്‌നമുണ്ടെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് പുതിയ സമവായ നിർദേശം ഉയർന്നുവന്നത്.
കഴിഞ്ഞ ദിവിസം എകെജി സെന്ററിലാണ് സിപിഐ നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. നിയമമന്ത്രി പി. രാജീവ്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ലോകായുക്ത നിയമ ഭേദഗതിയിൽ വിയോജിപ്പുണ്ടെന്ന് കാനം രാജേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
നിയമനിര്‍മ്മാണത്തിനായുള്ള കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമായിരുന്നു. സെപ്തംബര്‍ രണ്ട് വരെ നീളുന്ന സമ്മേളനത്തിനിടയിൽ ലോകായുക്ത നിയമഭേദഗതി ബിൽ സര്‍ക്കാര്‍ സഭയിൽ അവതരിപ്പിക്കും. നിലവിൽ സര്‍ക്കാര്‍ മുന്നോട്ട് വച്ച ലോകായുക്ത നിയമഭേദഗതിയോട് സിപിഐ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് അവരെ അനുനയിപ്പിച്ച് മുന്നോട്ട് പോകാനുള്ള നീക്കത്തിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സിപിഎം ശ്രമം തുടങ്ങിയത്.
ലോകായുക്ത നിയമ ഭേദഗതിയിൽ വിയോജിപ്പ് തുടരുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗവർണർ ഒപ്പിടാത്തതിനെത്തുടർന്ന് 11 ഓര്‍ഡിനൻസുകൾ റദ്ദായ അസാധാരണ സാഹചര്യമാണ് നിലവിൽ സര്‍ക്കാരിന് മുന്നിലുള്ളത്.
















