പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ലൂസിഫർ മലയാളത്തിലെ ഏക്കാലത്തേയും വലിയ ഹിറ്റായിരുന്നു. 200 കോടിയ്ക്കു മുകളിലാണ് ചിത്രം നേടിയത്.ഇപ്പോൾ മെഗാസ്റ്റാർ ചിരഞ്ജീവിയുടെ പിറന്നാളിനോട് അനുബന്ധിച്ച് ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ഗോഡ്ഫാദറിന്റെ ടീസർ പുറത്തുവിട്ടു. ചിത്രത്തിൽ പ്രധാന വേഷത്തിൽ ചിരഞ്ജീവി എത്തുന്നു. ചിരഞ്ജീവിക്കൊപ്പം ബോളിവുഡ് താരം സൽമാൻ ഖാനും നയൻതാരയും ടീസറിൽ ഉണ്ട് .
എന്നാൽ ടീസറിലെ ആക്‌ഷൻ രംഗങ്ങളെ ട്രോളിയിരിക്കുകയാണ് മലയാളികൾ. ‘ഞങ്ങളുടെ ലൂസിഫർ ഇങ്ങനല്ലെന്നും’ ‘ലൂസിഫർ മരിച്ചു’ എന്നുമൊക്കെയാണ് ടീസറിന് താഴെ മലയാളികൾ കമന്റ് ചെയ്യുന്നത്.
മാസ് ആക്ഷൻ രംഗങ്ങളുമായാണ് ടീസർ എത്തുന്നത്. മോഹന്‍രാജയാണ് ഗോഡ്ഫാദര്‍ സംവിധാനം ചെയ്യുന്നത്. മലയാള ചിത്രത്തില്‍ മഞ്ജു വാര്യര്‍ ചെയ്ത കഥാപാത്രം തെലുങ്കില്‍ അവതരിപ്പിക്കുന്നത് നയന്‍താരയാണ്. ലൂസിഫറില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രമായാണ് സൽമാൻ എത്തുന്നത്. ഒക്ടോബര്‍ അഞ്ചിന് ചിത്രം തിയറ്ററുകളില്‍ എത്തും.തെലുങ്ക് പ്രേക്ഷകരെ മുന്നില്‍ക്കണ്ട് തിരക്കഥയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാവും റീമേക്ക് എത്തുക.കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമാണം. സത്യദേവ് കഞ്ചാറാണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.
















