കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ സംഗീത പരിപാടിക്കിടെ സംഘർഷം. പൊലീസ് ലാത്തി വീശി. ജെഡിടി ആർട്സ് കോളജിന്റെ സംഗീത പരിപാടിക്കിടെയാണ് സംഘർഷം. തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റു. പരിപാടി പൊലീസ് ഇടപെട്ട് റദ്ദാക്കി.
30 തോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. സംഗീത പരിപാടിക്കിടെ തിരക്ക് വർധിച്ചതോടെയാണ് സംഘർഷമുണ്ടായതെന്നാണ് ലഭ്യമാകുന്ന വിവരം.
സംഘാടക സമിതി പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ പരിപാടിക്കെത്തിയതിനാല്‍ ബീച്ചില്‍ വലിയ തിരക്ക് അനുഭവപ്പെട്ടുവെന്നാണ് വിവരം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും ബീച്ച് ആശുപത്രിയിലേക്കും മാറ്റി.
രക്ഷാപ്രവര്‍ത്തനത്തിന് പോലും ബിച്ചിലെത്തിയവരുടെ തിരക്ക് പ്രതികൂലമായതോടെ പോലീസ് ലാത്തിവീശി ആളുകളെ ഒഴിപ്പിക്കുകയാണ്. കടകളും അടപ്പിച്ചു. ബീച്ചിന് മുന്നിലെ റോഡില്‍ വാഹനങ്ങള്‍ തടഞ്ഞും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
















