വാഹനാപകടത്തിൽ മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു. കൊല്ലത്ത് പുലർച്ചെ താന്നി ബീച്ചിനു സമീപമാണ് അപകടമുണ്ടായത്. പരവൂർ ചില്ലയ്ക്കൽ സ്വദേശികളായ അൽ അമീൻ, മാഹിൻ, സുധീർ എന്നിവരാണ് മരിച്ചത്. മൂവരും സഞ്ചരിച്ച ബൈക്ക് പാറക്കല്ലിൽ ഇടിച്ച് വീഴുകയായിരുന്നു.പുലർച്ചെ മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇവർ വള്ളപ്പണിക്ക് ശേഷം തിരികെവരുന്ന സമയമാണ് 3 മണി.
പ്രഭാത സവാരിക്കെത്തിയവരാണ് മൃതദേഹങ്ങൾ ആദ്യം കാണുന്നത്. തുടർന്ന് നാട്ടുകാരെയും പോലീസിനേയും വിവരമറിയിക്കുകയായിരുന്നു. കടൽ കയറാതിരിക്കാൻ നിരത്തിയിരുന്ന പാറക്കല്ലുകളിലേക്ക് ബൈക്കിടിച്ച് കയറുകയായാണ് അപകടമുണ്ടായതെന്നാണ് വിവരം.
വേറെയേതെങ്കിലും വാഹനത്തിൽ ഇടിച്ചോ എന്നതിൽ വ്യക്തതയില്ല. ബൈക്കിനു പിന്നിൽ മത്സ്യം വെക്കുന്ന ക്യാരിയർ കൂടി ഉണ്ടായിരുന്നതിനാൽ മൂവരും ഞെരുങ്ങിയാണ് ബൈക്കിൽ ഇരുന്നതെന്നും പോലീസ് അറിയിച്ചു.

















