ഓഗസ്റ്റ് 6 ,ലോകമനസാക്ഷിയെ ഞെട്ടിച്ചു കൊണ്ട് നിഷ്കളങ്കരായ ജനതയ്ക്കുമേല്‍ സാമ്രാജ്യത്വം ചൊരിഞ്ഞ കൊടുംഭീകരതയുടെ ദിനം. ലോകത്ത് ആദ്യമായി യുദ്ധത്തിനിടയില്‍ അണുബോംബ് ഉപയോഗിച്ച ദിനമായിരുന്നു 1945 ഓഗസ്റ്റ് 6 ഹിരോഷിമ ദിനം .ഒരു നിമിഷം കൊണ്ട് എല്ലാം ചാരമായ സ്ഫോടനം.ജപ്പാനിലെ ഹോൺ ഷൂ ദ്വീപിലെ നഗരമായ ഹിരോഷിമയിലാണ് ലോകത്തെ ആദ്യത്തെ അണുബോംബ് വീണത്.
മനുഷ്യന്റെ യുദ്ധക്കൊതിയുടെ ഏറ്റവും തീക്ഷ്ണമായ ആവിഷ്കാരമാണ് ഹിരോഷിമയിലും നാഗസാക്കിയിലും ലോകം കണ്ടത്.ജപ്പാന്റെ ദുരിതത്തിന്റെ നിരവധി മുഖങ്ങൾ ക്യാമറ കണ്ണുകളിലൂടെ പുറത്തുവന്നപ്പോൾ ലോക മനസാക്ഷിയുടെ കണ്ണുകൾ നിറഞ്ഞു.
രണ്ടാം ലോക മഹായുദ്ധത്തിലാണ് അമേരിക്കന്‍ പട്ടാളം ഹിരോഷിമയില്‍ ആദ്യ അണുബോംബ് പ്രയോഗിച്ചത്. ഹിരോഷിമയുടെ ചരിത്രം തന്നെ തിരുത്തിയെഴുതിയത് രണ്ടാം ലോകമഹായുദ്ധമായിരുന്നു .1939 മുതൽ 1945 വരെയുള്ള രണ്ടാം ലോകമഹായുദ്ധത്തിൽ പടിഞ്ഞാറൻ സഖ്യവും സോവിയറ്റ് യൂണിയനും ജർമ്മനി പിടിച്ചടക്കിയതോടെയും അഡോൾഫ് ഹിറ്റ്ലറിന്റെ ആത്മഹത്യയോടെയും യൂറോപ്പിലെ യുദ്ധം അവസാനിച്ചു. എന്നാൽ ജപ്പാൻ കീഴടങ്ങാൻ വിസമ്മതിച്ചു. ജപ്പാനിലെ നഗരങ്ങളായ ഹിരോഷിമയിൽ ഓഗസ്റ്റ് 6 നും നാഗസാക്കിയിൽ ഓഗസ്റ്റ് 9 നും അമേരിക്കൻ വിമാനങ്ങൾ ആറ്റം ബോംബുകൾ വർഷിച്ചു. കൂടുതൽ ബോംബുകളുടെ ഭയവും സോവിയറ്റ് യൂണിയന്റെ കടന്നുവരവും ഭയന്ന് ജപ്പാൻ ഓഗസ്റ്റ് 15ന് കീഴടങ്ങി.
1945 ആഗസ്റ്റ് ആറാം തീയതിയാണ് ഹിരോഷിമയിൽ ‘ലിറ്റില്‍ ബോയ്’ എന്ന അണുബോംബ് പതിച്ചത്. ജനറൽ പോൾടിബ്റ്റ്‌സ് പറപ്പിച്ച അമേരിക്കൻ വ്യോമസേനയുടെ ബി-29 ബോംബർ വിമാനമായ എനോള ഗേയിൽ നിന്നാണ് ബോംബ് പ്രയോഗിച്ചത്. ലിറ്റിൽ ബോയി എന്നായിരുന്നു ബോംബിന്റെ പേര്. യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിർമ്മിച്ച ഈ ബോംബിന് 12,500 ടൺ ടി.എൻ.ടി.യുടെ പ്രഹരശേഷിയുണ്ടായിരുന്നു. തീജ്വാലകൾ ഹിരോഷിമാ നഗരത്തെ ചാമ്പലാക്കി. പുകയും പൊടിപടലങ്ങളും വീശിയടിച്ചു. ഒന്നരലക്ഷത്തോളംപേര്‍ നിമിഷനേരം കൊണ്ട് ഇല്ലാതായി. മുപ്പത്തേഴായിരത്തോളം പേര്‍ക്ക് ആണവവികിരണത്താല്‍ ഗുരുതരമായി പൊള്ളലേറ്റു.
ചുട്ടുപൊള്ളുന്ന ശരീരം തണുപ്പിക്കാനായി തിളച്ചുമറിയുന്ന പുഴകളിലും കിണറുകളിലും എടുത്തുചാടി. ബോംബ് വർഷത്തിന്റെ റേഡിയേഷൻ പിന്നെയും പതിറ്റാണ്ടുകളോളം ജപ്പാനെ വേട്ടയാടി. റേഡിയേഷൻ അതിപ്രസരത്തിൽ ഒന്നരലക്ഷത്തോളം പേർക്ക് പിൽക്കാലത്ത് ജീവൻ നഷ്ടമായി. അതിലും ഇരട്ടിയാളുകൾ രോഗം ബാധിച്ച് ദുരിത ജീവിതം നയിക്കുന്നു. ഹിരോഷിമയെ ചാമ്പലാക്കി ദുരന്തം മൂന്നു ദിവസം കഴിഞ്ഞപ്പോൾ നാഗസാക്കിയേയും ചുട്ടെരിച്ചു.
ഹിരോഷിമ ജപ്പാന്റെ മാത്രം ഓർമയല്ല, 77 വർഷങ്ങൾക്കിപ്പുറവും ഹിരോഷിമ ലോകത്തിന്റെ മുഴുവൻ ഓർമയാണ്.രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളും ആക്രമണങ്ങളും തുടര്‍ക്കഥയാകുമ്പോള്‍ അണുബോംബ് എന്ന ഭീതി ലോകത്തെ വിട്ടൊഴിയുന്നില്ല.നിശബ്ദമായ ലോകയുദ്ധത്തിന്റെ പശ്ചത്തലത്തിലാണ് ഈ ഹിരോഷിമ ദിനവും കടന്നുപോവുന്നത്.