അഴിമതിക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കി. ഈ കാര്യത്തിൽ നിർണ്ണായക തീരുമാനമെടുക്കാൻ തൃണമൂൽ കോൺഗ്രസ് മുഖ്യമന്ത്രി മമത ബാനർജിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് പ്രത്യേക യോഗം ചേർന്നിരുന്നു. പശ്ചിമബംഗാൾ വാണിജ്യ വ്യവസായ മന്ത്രി സ്ഥാനത്ത് നിന്നുമാണ് പാർത്ഥയെ നീക്കിയത്.
പാർത്ഥ ചാറ്റർജിയെ തൃണമൂൽ കോൺഗ്രസിൽ നിന്നും മന്ത്രിസഭയിൽ നിന്നും നീക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. പാർത്ഥ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്നും പാർട്ടി സ്ഥാനങ്ങളിൽ നിന്നും ഉറപ്പായും നീക്കണമെന്നാണ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും വക്താവുമായ കുനാൽ ഘോഷ് പറഞ്ഞത്.
അർപ്പിതയുടെ വീട്ടിൽ ഇന്നലെ നടത്തിയ റെയ്ഡിൽ 29 കോടിയോളം രൂപയും സ്വർണ്ണാഭരണങ്ങളും ഇഡി വീണ്ടും പിടിച്ചെടുത്തിരുന്നു. വസതിയിൽ നിന്നും കണ്ടെത്തിയ പണം പാർത്ഥയുടേതാണെന്നും സൂക്ഷിക്കാനായി തന്റെ ഫ്ളാറ്റ് ഉപയോഗിച്ചതാണെന്നും അർപ്പിത മുഖർജി ഇഡിയോട് വെളിപ്പെടുത്തിയിട്ടുണ്ട്. പാർത്ഥ ചാറ്റർജിയേയും അർപ്പിത മുഖർജിയേയും ഇ ഡി ശനിയാഴ്ച്ച അറസ്റ്റ് ചെയ്തിരുന്നു.